അറബി മാന്ത്രിക ചികിത്സ; തലമുടി, നഖം എന്നിവയില്‍ പ്രത്യേക പൂജ; തട്ടിയത് ഏഴ് കോടി; വ്യാജവൈദ്യന്‍ പിടിയില്‍

അറബിമാന്ത്രികത്തിന്റെ അനുഭവസാക്ഷ്യം എന്ന പേരില്‍ ചാനലുകളില്‍ പരക്യം നല്‍കിയാണ് തട്ടിപ്പുനടത്തിയത്
അറബി മാന്ത്രിക ചികിത്സ; തലമുടി, നഖം എന്നിവയില്‍ പ്രത്യേക പൂജ; തട്ടിയത് ഏഴ് കോടി; വ്യാജവൈദ്യന്‍ പിടിയില്‍


കോഴിക്കോട്: അറബി മാന്ത്രിക ചികിത്സ എന്ന പേരില്‍ വ്യാജ ചികിത്സ നടത്തി നിരവധി പേരില്‍നിന്ന് പണം തട്ടിയ വ്യാജവൈദ്യന്‍ വടകരയില്‍ പൊലീസ് പിടിയില്‍. വയനാട് പേര്യ സ്വദേശി കളരിത്തൊടി ഉസ്‌മാന്‍ ഹാജി മുസ്ല്യാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകരസ്വദേശിയായ യുവതിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വടകര സിഐ എംഎം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

2000 മുതല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്,എറണാകുളം കേന്ദ്രീകരിച്ച് നിരവധി പേരില്‍ നിന്നായി ഇയാള്‍ ഏഴുകോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. അറബിമാന്ത്രികത്തിന്റെ അനുഭവസാക്ഷ്യം എന്ന പേരില്‍ ചാനലുകളില്‍ പരക്യം നല്‍കിയാണ് തട്ടിപ്പുനടത്തിയത്. ജോലി, ഭൂമികച്ചവടം, വിവാഹം, വിവാഹമോചനം, തുടങ്ങി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഫോണിലേക്ക് വിളിക്കുന്ന ആവശ്യക്കാരോട് തലമുടി, നഖം എന്നിവയില്‍ പ്രത്യേക പൂജ നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമയപ്പിക്കും. കുറഞ്ഞത് പതിനായിരം രൂപയാണ് ചികിത്സക്കും ആവശ്യപ്പെട്ടിരുന്നത്. അഞ്ച് ജില്ലകളിലായി സാന്ത്വനം പാലിയേറ്റീവ് സെന്റര്‍ എന്ന പേരില്‍ ഓഫീസും ഈഗിള്‍ ഐ പേരില്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയും നടത്തിയിരുന്നു.

2010ല്‍ സന്തോഷ് മാധവന്‍ ഉള്‍പ്പടെയുള്ള വ്യാജസ്വാമിമാരെ പിടികൂടിയ കാലത്തച് ഈഗിള്‍ ഐ എന്ന സ്ഥാപനം പൂട്ടികയും സാന്ത്വനം ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്ന് അല്‍ഖാസിമി ബിരുദം നേടിയ ഇയാള്‍ കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പണം നല്‍കി പിച്ച്ഡി സംഘടിപ്പിച്ചു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വയനാട് ബാണാസുര സാഗറിന് സമീപം റിസോര്‍ട്ടും എരുമേലിയില്‍ ചന്ദനത്തിരി നിര്‍മ്മാണ ഫാക്ടറിയും സ്വന്തമാക്കിയിട്ടുണ്ട്.

മലപ്പുറത്തും വയനാട്ടിലുമായി രണ്ട് ഭാര്യമാരും ആറുമക്കളുമുണ്ട്. ഭാര്യമാരുടെ പേരില്‍ വീടും സ്ഥലവും വാങ്ങിയിട്ടുമുണ്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിരാഹാരം നടത്തിയപ്പോള്‍ സമരപ്പന്തലില്‍ എത്തി ഇയാള്‍ സംസാരിച്ചിരുന്നു.വയനാട് റിസോര്‍ട്ടില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സകര്‍ എന്ന വ്യാജേന എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com