സിപിഎമ്മിനെ കുറിച്ച് സംസാരിക്കില്ല; രാഹുല്‍ പറയുക 'കണ്ണിമാങ്ങാ അച്ചാറിടുന്നത് എങ്ങനെ എന്നോ'?; വിമര്‍ശനവുമായി എം സ്വരാജ്

സിപിഎമ്മിനെതിരെ ഒന്നും മിണ്ടാനില്ലാത്തതു കൊണ്ടായിരിക്കണം രാഹുല്‍ ഒന്നും പറയാത്തത്. എന്നാല്‍ ഞങ്ങളുടെ നിലപാട് അതല്ല
സിപിഎമ്മിനെ കുറിച്ച് സംസാരിക്കില്ല; രാഹുല്‍ പറയുക 'കണ്ണിമാങ്ങാ അച്ചാറിടുന്നത് എങ്ങനെ എന്നോ'?; വിമര്‍ശനവുമായി എം സ്വരാജ്

കൊച്ചി: സിപിഎമ്മിനെതിരെ ഒരക്ഷരം സംസാരിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എം സ്വരാജ് എംഎല്‍എ. കേരളത്തില്‍ വന്ന് സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് പിന്നെ രാഹുല്‍ ഗാന്ധി കണ്ണിമാങ്ങ അച്ചാറിടുന്നതെങ്ങനെ എന്നാണോ പറയാന്‍ പോകുന്നത് എന്നാണ് സ്വരാജിന്റെ ചോദ്യം. ഒരു ടിവി ചര്‍ച്ചയ്ക്കിടെയാണ് സ്വരാജിന്റെ പ്രതികരണം. 

താന്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല, മാന്യരല്ലാത്ത ഇവിടത്തെ നേതാക്കള്‍ പറഞ്ഞോളും എന്നാണോ രാഹുല്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെ. സിപിഎമ്മിനെതിരെ ഒന്നും മിണ്ടാനില്ലാത്തതു കൊണ്ടായിരിക്കണം രാഹുല്‍ ഒന്നും പറയാത്തത്. എന്നാല്‍ ഞങ്ങളുടെ നിലപാട് അതല്ല. 'തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വേര്‍തിരിച്ച് കണ്ട്, വിമര്‍ശനാത്മകമായി കാണുകയും ചര്‍ച്ച ചെയ്യുകയുമാണ് വേണ്ടത്. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. തെര!ഞ്ഞെടുപ്പില്‍ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസില്‍ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചര്‍ച്ച ചെയ്യേണ്ടത്?', സ്വരാജ് പരിഹസിച്ചു. 

'രാഹുല്‍ വരുമോ എന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ ഇടത് പക്ഷത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. രാഹുല്‍ വയനാട്ടില്‍ വന്ന് മത്സരിച്ചാല്‍, ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന തെറ്റായ സന്ദേശം നല്‍കുമെന്നും ഇത് ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസിന് വിനയായി വരും എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു',കേരളത്തിലെ നേതൃത്വത്തിന്റെ പിടിപ്പ് കേടു കൊണ്ടാണ് രാഹുലിന് വയനാട്ടിലെത്തി മത്സരിക്കേണ്ടി വന്നതെന്നും എം സ്വരാജ് പറഞ്ഞു.

'തെരഞ്ഞെടുപ്പ് എന്നത് വൈകാരികസമസ്യയല്ല, ഇത് രാഷ്ട്രീയ ആശയങ്ങളുടെ പോരാട്ടമാണ്. ഞങ്ങള്‍ അതിശക്തമായി കോണ്‍ഗ്രസ് നയങ്ങളെ വിമര്‍ശിക്കും, വ്യക്തിപരമായ വിമര്‍ശനത്തിന് പോകില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതും, പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയാവകാശം എടുത്തു കളഞ്ഞതും ഒക്കെ ചൂണ്ടിക്കാട്ടി ബിജെപിയെയും കോണ്‍ഗ്രസിനെയും ഞങ്ങള്‍ ചോദ്യം ചെയ്യും', സ്വരാജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com