'പുറത്തുവിട്ടത് എം.കെ രാഘവന്റെ ശബ്ദവും ദൃശ്യങ്ങളും തന്നെ'; കൃത്രിമം നടത്തിയിട്ടില്ലെന്ന് മാധ്യമം, ഏത് അന്വേഷണത്തിനും തയ്യാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2019 08:10 AM  |  

Last Updated: 06th April 2019 08:48 AM  |   A+A-   |  

image

 

ന്യൂഡല്‍ഹി: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ ഏത് അന്വേഷണം നേരിടാനും തയാറാണെന്ന് വ്യക്തമാക്കി ദൃശ്യങ്ങള്‍ പുറത്തുവിട്ട ടിവി 9 ഭാരത് വര്‍ഷ്. ദൃശ്യങ്ങളിലും സംഭാഷണത്തിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി പറയുന്നത്. വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഏത് അന്വേഷണ ഏജന്‍സിക്ക് കൈമാറാനും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലയളവിലെ അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഒളിക്യാമറ ഒപ്പറേഷന്‍ നടത്തിയതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കാപ്രി പറഞ്ഞു. 

വീഡിയോ കൃത്രിമമാണെന്ന ആരോപണവുമായി രാഘവന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചാനല്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ശബ്ദം ഡബ്ബ് ചെയ്തുചേര്‍ത്തതാണ് എന്നായിരുന്നു എം.കെ രാഘവന്റെ വാദം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ ശബ്ദവും ദൃശ്യവും തന്നെയാണ് വീഡിയോയിലുള്ളത്. വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്രഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിനോദ് കാപ്രി പറഞ്ഞു. 

കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ സ്ഥലം എടുക്കാന്‍ എംപി ഇടനിലക്കാരനായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് മാധ്യമ സംഘം രാഘവനെ കാണുന്നത്. ഇത് അംഗീകരിക്കുകയും കമ്മീഷനായി അഞ്ച് കോടി ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ ഓഫിസ് സെക്രട്ടറിയെ പണം ക്യാഷായി ഏല്‍പ്പിക്കണം എന്നാണ് വീഡിയോയില്‍ രാഘവന്‍ പറയുന്നത്.