ചെന്നിത്തലയുടേത് ദിവാസ്വപ്നം; വികസനം തടയാനുള്ള വിതണ്ഡവാദങ്ങള്‍; മസാല ബോണ്ട് വിവാദത്തില്‍ മുഖ്യമന്ത്രി

വിവാദങ്ങള്‍കൊണ്ടു വികസനം തടയാനാവില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയതാണ്
ചെന്നിത്തലയുടേത് ദിവാസ്വപ്നം; വികസനം തടയാനുള്ള വിതണ്ഡവാദങ്ങള്‍; മസാല ബോണ്ട് വിവാദത്തില്‍ മുഖ്യമന്ത്രി


തിരൂര്‍:  മസാല ബോണ്ട് വിവാദത്തില്‍ സംസ്ഥാനത്തിന്റെ വികസനം തടയുക എന്ന ലക്ഷ്യത്തോടെ വിതണ്ഡവാദം പറയുകയാണ് പ്രതിപക്ഷ  നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. മസാലബോണ്ട് വഴി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചതും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ്്. അതിനു പലിശ നിശ്ചയിച്ചതും ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മസാല ബോണ്ടു വഴി കനേഡിയന്‍ കമ്പനിയില്‍നിന്നു  ഫണ്ട് എദത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവും ബിജെപിയും അതിനെതിരെ രംഗത്തുവന്നത്. ബിജെപിയും പ്രതിപക്ഷ നേതാവും പലപ്പോഴും ഒന്നിച്ചാണ് കാര്യങ്ങള്‍ പറയുക. അതെങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കനേഡിയന്‍ കമ്പനിയില്‍നിന്നു ഫണ്ട് വാങ്ങിയത് മഹാ കുറ്റമാണെന്നാണ് പറയുന്നത്. അവര്‍ എസ്എന്‍സി ലാവലിനും ഫണ്ട് നല്‍കിയിട്ടുണ്ട് എന്നതാണ് കുറ്റമായി പറയുന്നത്. എസ്ബിഐ നീരവ് മോദിക്കു ഫണ്ടു നല്‍കിയാല്‍ രണ്ടും ഒന്നാണെന്നു പറയുന്നതുപോലെയാണിത്. സ്‌റ്റേറ്റ് ബാങ്ക് വിജയ് മല്യയ്ക്കു ഫണ്ട് നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ സംസ്ഥാനം സ്റ്റേറ്റ് ബാങ്കില്‍നിന്നു ഫണ്ടു വാങ്ങിയാല്‍ മല്യയില്‍നിന്നു പണം വാങ്ങി എന്നു പറയാനാവുമോ- മുഖ്യമന്ത്രി ചോദിച്ചു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പറയുന്നതു വിതണ്ഡവാദമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

വിവാദത്തിന്റെ സ്ഥലമാക്കി മാറ്റണം, വികസനം തടയണം ഇതാണ് ലക്ഷ്യം. അതൊക്കെ ദിവാസ്വപ്‌നമാണ്. വിവാദങ്ങള്‍കൊണ്ടു വികസനം തടയാനാവില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 

സംസ്ഥാനസര്‍ക്കാര്‍ നല്ലരീതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുമ്പോഴാണ് അപ്രതീക്ഷിതമായി പ്രളയം വന്നത്. നമ്മള്‍ അതിനെ ഒരുമയോടെയാണ് നേരിട്ടത്. രാജ്യവും ലോകവും ആ ഒരുമയെ വലിയ തോതില്‍ പ്രശംസിച്ചു. ആ പ്രശംസ അത്രയ്ക്കു ദഹിക്കാത്തവരുണ്ട്. ചില പ്രത്യേകതരം മാനസിക അവസ്ഥയുള്ളവരാണ് അവര്‍. അവരെ എന്തായാലും മാനസിക രോഗികള്‍ എന്നൊന്നും താന്‍ വിളിച്ചിട്ടില്ല. ചിലര്‍ അങ്ങനെ പ്രചരിപ്പിക്കുകയാണെ്ന്ന്, ചില റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com