പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്ത; തെരഞ്ഞെടുപ്പ് കമ്മീഷണർ ഡിജിപിയോട് റിപ്പോർട്ട് തേടി

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എംബി രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ റിപ്പോർട്ട് തേടി
പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്ത; തെരഞ്ഞെടുപ്പ് കമ്മീഷണർ ഡിജിപിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എംബി രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിർദ്ദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങൾ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടെന്ന് കമ്മീഷണർ ഡിജിപിയെ അറിയിച്ചു. 

പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും  ഉടൻ  റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ എംബി രാജേഷിന്‍റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കിൽ നിന്ന് വടിവാൾ വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com