പൊലീസിനെ തടഞ്ഞ് പ്രതിയെ കടത്തിയ മാണി വക്കീല്‍!

പൊലീസിനെ തടഞ്ഞ് പ്രതിയെ കടത്തിയ മാണി വക്കീല്‍!

രഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് നല്ല ഒന്നാംതരം വക്കീലായിരുന്നു കെഎം മാണി.

ഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് നല്ല ഒന്നാംതരം വക്കീലായിരുന്നു കെഎം മാണി. വക്കീല്‍ കോട്ടിട്ട് ചെയ്ത പല 'സാഹസിക' കാര്യങ്ങളും പാലായില്‍ ഇപ്പോഴും പാട്ടാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നൊരു സംഭവം ഇങ്ങനെ: പാലായില്‍ ഒരു കൊലക്കേസില്‍ പൊലീസിന്റെ തെളിവെടുപ്പ്. കുത്തിയ കത്തി കണ്ടെത്താന്‍ പൊലീസ് പ്രതിയുമായി എത്തുന്നു. പെട്ടെന്ന് പ്രതിയുടെ അഭിഭാഷകന്‍ ചാടിവീഴുന്നു; പ്രതിയെയും കയറ്റി വാഹനത്തില്‍ പായുന്നു. ഊടുവഴികളിലൂടെ പാഞ്ഞ വക്കീലിന്റെ വാഹനം പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി പ്രതിക്കു ജാമ്യമെടുത്തു. കെഎം മാണിയായിരുന്നു വക്കീല്‍!

കേസിലെ യഥാര്‍ഥ പ്രതിയെ കിട്ടാതെ പൊലീസ് ഡമ്മി പ്രതിയെ വച്ചു മുഖം രക്ഷിക്കാന്‍ നോക്കി. ഡമ്മി പ്രതിയുടെ വക്കീലാകട്ടെ കെഎം മാണിയും. കത്തി തലേദിവസം പൊലീസ് തന്നെ കൊണ്ടുവച്ചു. അതു പ്രതിയെക്കൊണ്ട് എടുപ്പിക്കണം. അതാണു പ്രധാന തെളിവ്. ഇക്കാര്യം കെഎം മാണി അറിഞ്ഞു. അങ്ങനെയാണു സ്‌പോട്ടില്‍ നിന്നു തന്റെ കക്ഷിയുമായി മാണി വക്കീല്‍ കടന്നുകളഞ്ഞത്. പ്രതി ഡമ്മി ആയതിനാല്‍ പൊലീസിനും പരിമിതികളുണ്ട്. അതും കെഎം മാണിക്കറിയാം. 

മദ്രാസ് ലോ കോളജില്‍നിന്നായിരുന്നു കെ എം മാണി നിയമ ബിരുദമെടുത്തത്. കോഴിക്കോട്ടും പാലാ സബ് കോടതിയിലും കോട്ടയം ജില്ലാ കോടതിയിലുമൊക്കെ വാദിച്ചിട്ടുണ്ട്. പ്രാക്ടീസ് സമയത്തുതന്നെ ക്രിമിനല്‍ കേസുകളോട് മാണിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. 

പിന്നീട് 1979ല്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ സമയത്തു പാര്‍ട്ടിക്കു വേണ്ടി തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്‍പിലും വക്കീലായി ഹാജരായി. സുപ്രീം കോടതിയില്‍ വാദിക്കാന്‍ പറ്റിയില്ലല്ലോ എന്നൊരു സങ്കടം കെഎം മാണി മനസ്സില്‍ സൂക്ഷിച്ചിരുന്നു.  'ഇനിയാണെങ്കിലും ചെന്നു പ്രാക്ടീസ് ചെയ്താലോ എന്നു മനസ്സില്‍ തോന്നും ചിലപ്പോള്‍' എന്നാണ് ഒരു പിറന്നാള്‍ ദിവസം അദ്ദേഹം ആഗ്രഹം പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com