ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2019 02:34 PM  |  

Last Updated: 12th April 2019 02:34 PM  |   A+A-   |  

biju_radhakrishnan

 

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണനെ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ച ബിജുവിന്റെ അമ്മ രാജമ്മാളിനെയും ഹൈക്കോടതി വെറുതെവിട്ടു. 

2006 ഫെബ്രുവരി നാലിന് ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ബിജു രാധാകൃഷ്ണന്‍ നേരിട്ടാണ് ഹൈക്കോടതിയില്‍ വാദിച്ചത്. നേരിട്ടു ഹാജരായി വാദിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 

ബിജുവും മാതാവും കുറ്റക്കാരെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. കുറ്റക്കാരെന്നു കണ്ടെത്താനുള്ള തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.