വിവാഹ വിരുന്നിന് ചാരായം ബുക്ക് ചെയ്ത് 'നവവരന്‍'; പൊലീസ് കെണിയില്‍ കുടുങ്ങി വാറ്റുകാര്‍; അറസ്റ്റ്

വിവാഹ വിരുന്നിനെന്ന വ്യാജേന ആവശ്യക്കാര്‍ ചമഞ്ഞെത്തിയ പൊലീസ് ഇവരെ കെണിയില്‍ കുടുക്കുകയായിരുന്നു
വിവാഹ വിരുന്നിന് ചാരായം ബുക്ക് ചെയ്ത് 'നവവരന്‍'; പൊലീസ് കെണിയില്‍ കുടുങ്ങി വാറ്റുകാര്‍; അറസ്റ്റ്

തൃശൂര്‍:  ആളൂരില്‍ ചാരായം വാറ്റി വില്‍പന നടത്തുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍. വിവാഹ വിരുന്നിനെന്ന വ്യാജേന ആവശ്യക്കാര്‍ ചമഞ്ഞെത്തിയ പൊലീസ് ഇവരെ കെണിയില്‍ കുടുക്കുകയായിരുന്നു.

വിവാഹ വിരുന്നിന് ഓര്‍ഡര്‍ പ്രകാരം ചാരായം വാറ്റിനല്‍കുന്ന സംഘങ്ങള്‍ സജീവമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ചാരായം വാറ്റുന്ന സംഘത്തിലെ ഒരാളുടെ നമ്പര്‍ പൊലീസിന് കിട്ടി. വിവാഹ വിരുന്നിന് ചാരായം വേണമെന്നും വന്‍തുക നല്‍കാമെന്നും ഓഫര്‍ നല്‍കി. 

ചാരായം ബുക്ക് ചെയ്യുന്നത് നവവരനാണെന്നും സംഘത്തോട് പൊലീസ് പറഞ്ഞു. സംസാരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരോടാണെന്ന് സംഘം അറിഞ്ഞതുമില്ല. നവവരനെ പ്രതീക്ഷിച്ച് ഇരുപത് ലിറ്റര്‍ വാറ്റു ചാരായവുമായി എത്തിയ രണ്ടു പേരെ കയ്യോടെ പൊലീസ് പിടികൂടുകയായിരുന്നു. ആളൂര്‍ സ്വദേശി നിഖിലും കാരൂര്‍ സ്വദേശി ഷിബുവുമാണ് പിടിയിലായത്. അറസ്റ്റിലായ നിഖില്‍ ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ റൗഡിയാണ് ഇതിനു പുറമെ, ചാലക്കുടി,കൊടകര പോലീസ് സ്‌റ്റേഷനുകളിലായി പൊലീസിനെ ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. 

വിഷു, ഈസ്റ്റര്‍, തെരഞ്ഞെടുപ്പ് തുടങ്ങിയ അവസരങ്ങളില്‍ വന്‍തോതില്‍ കച്ചവടം ലക്ഷ്യമിട്ട് ചാരായ വാറ്റു സംഘങ്ങള്‍ സജീവമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരിവില്‍പന തടയിടാന്‍ ഈയിടെ രൂപികരിച്ച പൊലീസിന്റെ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com