'അന്ന് ബാബുപോളിന്റെ പ്രവചനം രാജീവ് ഗാന്ധിക്കും ഹൈക്കമാന്‍ഡിനും അംഗീകരിക്കാനായില്ല; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഞെട്ടി'

1987ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബാബുപോളിന്റെ പ്രവചനം ശരിയായത്
'അന്ന് ബാബുപോളിന്റെ പ്രവചനം രാജീവ് ഗാന്ധിക്കും ഹൈക്കമാന്‍ഡിനും അംഗീകരിക്കാനായില്ല; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഞെട്ടി'

തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനുള്ള ഡോ. ഡി ബാബുപോളിന്റെ അസാമാന്യമായ കഴിവിനു മുന്നില്‍ പണ്ട് അടിയറവ് പറഞ്ഞത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും. 1987ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബാബുപോളിന്റെ പ്രവചനം ശരിയായത്. 

ഒരു ദിവസം ഡല്‍ഹിയില്‍ നിന്ന് ബാബു പോളിനൊരു ഫോണ്‍കോള്‍ വന്നു. മറുതലയ്ക്കല്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി രാജേഷ് പൈലറ്റിന്റെ പ്രൈവറ്റ്
സെക്രട്ടറി ത്യാഗരാജന്‍ ആയിരുന്നു. കേരളത്തില്‍ യുഡിഎഫ് ജയിക്കുമോ എന്നാണ് പൈലറ്റിന് അറിയേണ്ടത്. അടുത്തയാഴ്ച മറുപടി നല്‍കാമെന്നായി ബാബു പോള്‍. കൃത്യം ഒരാഴ്ച കഴിഞ്ഞ് പൈലറ്റിന്റെ വിളിയെത്തി. 'യൂ ലൂസ്, ഉറപ്പായും തോല്‍ക്കും'-ബാബുപോള്‍ മറുപടി നല്‍കി. 65 അല്ലെങ്കില്‍ 75 സീറ്റ് ലഭിക്കും, പക്ഷേ, ഇടതുപക്ഷം അധികാരത്തില്‍ വരും.

കണക്കിന്റെ വിശദാംശങ്ങള്‍ അടങ്ങിയ 'കേരള ഇലക്ഷന്‍സ് 87, ആന്‍ ആം ചെയര്‍ അനാലിസിസ്' എന്ന കുറിപ്പ് വിമാനത്തില്‍ ഡല്‍ഹിക്കയച്ചു. കേരളപര്യടനം കഴിഞ്ഞെത്തിയ രാജീവ് ഗാന്ധിക്ക് പൈലറ്റിന്റെ കയ്യിലിരുന്ന ഈ കണക്ക് അംഗീകരിക്കാനായില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ ബാബുപോള്‍ പറഞ്ഞ കണക്ക് ശരിയായി.

ഹൃദ്രോഗത്തെ തുടര്‍ന്ന്തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ബാബുപോള്‍ അന്തരിച്ചത്. സിവില്‍ സര്‍വീസില്‍ മലയാളത്തിന്റെ ആത്മാവ് ഉള്‍ച്ചേര്‍ത്ത ഭരണകര്‍ത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ബാബുപോള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്. തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. മലയാളത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോള്‍ മലയാളത്തില്‍ തന്നെ ഫയല്‍ എഴുതണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്‌കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

21ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com