ആന്റണി സർക്കാരിനെ മറിച്ചിടാൻ ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും പണവും വാ​ഗ്ദാനം ചെയ്തു, പിന്നിൽ പ്രമുഖ സിപിഎം നേതാവ്, വെളിപ്പെടുത്തൽ

‘ഞങ്ങളുടെ നാല്പത് സീറ്റ് സ്ഥിരനിക്ഷേപമായി ഇടുന്നു. ആർക്കും ഉപയോഗിക്കാം’
ആന്റണി സർക്കാരിനെ മറിച്ചിടാൻ ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും പണവും വാ​ഗ്ദാനം ചെയ്തു, പിന്നിൽ പ്രമുഖ സിപിഎം നേതാവ്, വെളിപ്പെടുത്തൽ

ആലപ്പുഴ: 2001-ലെ എ കെ ആന്റണി മന്ത്രിസഭയെ മറിച്ചിടാൻ കെ ആർ ​ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി പദം വാ​ഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തൽ. ജെഎസ്എസിന് മന്ത്രിപദവും വൻതുകയും വാ​ഗ്ദാനം ചെയ്തു. ജെഎസ്എസ്. ലയനസമ്മേളനത്തിനുശേഷം എ എൻ രാജൻബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് ജെ.എസ്.എസിന് നാല് എംഎൽഎമാരുണ്ടായിരുന്നു. ജെഎസ്എസ് പ്രസിഡൻരായിരുന്ന രാജൻബാബുവിനാണ്  മന്ത്രിസ്ഥാനം വാ​ഗ്ദാനം നൽകിയത്. കരുണാകരനുമായി ചേർന്ന് മന്ത്രിസഭ മറിച്ചിടാനുള്ള നീക്കത്തിന് ചുക്കാൻപിടിച്ചത് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നു. മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിൽ മുറുകെപ്പിടിച്ചുള്ള ഗൗരിയമ്മയുടെ നിലപാടുമൂലമാണ് അന്ന് ഒരു അട്ടിമറി ഒഴിവായതെന്ന് രാജൻബാബു പറയുന്നു. 

‘ഞങ്ങളുടെ നാല്പത് സീറ്റ് സ്ഥിരനിക്ഷേപമായി ഇടുന്നു. ആർക്കും ഉപയോഗിക്കാം’ എന്ന് വി എസ് .നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് കോൺഗ്രസ് ഐ വിഭാഗത്തിലെ 21 പേർക്കൊപ്പം കേരള കോൺഗ്രസ് ബി, ടി.എം. ജേക്കബ്, ആർ.എസ്.പി. ബാബു ദിവാകരൻ വിഭാഗം തുടങ്ങിയവരെല്ലാം ചേർന്ന് 67 എം.എൽ.എ.മാരെ സംഘടിപ്പിച്ചു.

ഇതിനൊപ്പം ജെ.എസ്.എസിന്റെ നാലുപേർകൂടി ചേർന്നാൽ ബദൽ മന്ത്രിസഭയുണ്ടാക്കാം. ഇതിലേക്ക് ആദ്യം ആർ.എസ്.പി. നേതാവാണ് ദൂതനായി വന്നത്. പിന്നീട് കരുണാകരന് സംസാരിക്കണമെന്ന് പറഞ്ഞ് ശോഭനാ ജോർജ് വിളിച്ചു. പത്മജയും കരുണാകരനും സംസാരിച്ചു. അവസാനം വി.എസ്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി ഗൗരിയമ്മയെ കണ്ടു. വിവരമറിഞ്ഞ് എ.കെ. ആന്റണി ഗൗരിയമ്മയെ വിളിച്ച് ‘ഇതെന്താണ് ഗൗരിയമ്മേ’ എന്ന് ചോദിച്ചു. ‘ഒന്നും സംഭവിക്കില്ല, ധൈര്യമായി ഇരുന്നുകൊള്ളൂ’ എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.

അട്ടിമറിക്ക് ഗൗരിയമ്മ കൂട്ടുനിൽക്കില്ലെന്ന്‌ മനസ്സിലായപ്പോൾ അവരെ ഒഴിവാക്കി പാർട്ടിയുടെ മറ്റ് മൂന്ന് എം എൽ എമാർക്കായി വലവീശിയെന്നും തന്നെ ഇതിനായി ബന്ധപ്പെട്ടുവെന്നും രാജൻബാബു പറയുന്നു. മന്ത്രിപദവിയും വൻതുകയുമായിരുന്നു വാഗ്ദാനം. പക്ഷേ, ആരും അതിൽ വീണില്ലെന്നും രാജൻ ബാബു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com