മുസ്ലിം സ്ത്രീകള്‍ വീട്ടിരുന്നു പ്രാര്‍ഥിച്ചാല്‍ മതി; പള്ളി പ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്ന് സമസ്ത

മുസ്ലിം സ്ത്രീകള്‍ വീട്ടിരുന്നു പ്രാര്‍ഥിച്ചാല്‍ മതി; പള്ളി പ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്ന് സമസ്ത
മുസ്ലിം സ്ത്രീകള്‍ വീട്ടിരുന്നു പ്രാര്‍ഥിച്ചാല്‍ മതി; പള്ളി പ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്ന് സമസ്ത

മലപ്പുറം: മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്ന വാദത്തോടു യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സ്ത്രീകള്‍ സ്വന്തം വീടുകളിലിരുന്നാണ് പ്രാര്‍ഥിക്കേണ്ടതെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമസ്ത ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. അത്തരമൊരു വാദത്തോടു സമസ്തയ്ക്കു യോജിപ്പില്ലെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലിരുന്നു പ്രാര്‍ഥിച്ചാല്‍ മതി. വിശ്വാസ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനോടു യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ കാര്യത്തില്‍ മതനേതാക്കള്‍ പറയുന്നതാണ് അംഗീകരിക്കേണ്ടതെന്ന് ആലിക്കുട്ടി മുസലിയാര്‍ അഭിപ്രായപ്പെട്ടു. 

മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. 

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍. പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും തടഞ്ഞോയെന്നും ഹര്‍ജിക്കാരോട് ജസ്റ്റിസ് ബോബ്‌ഡെ ആരാഞ്ഞു. പ്രവേശിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ തടഞ്ഞെന്നും അവര്‍ മറുപടി പറഞ്ഞു. മറ്റെവിടെയെങ്കിലും പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. മെക്കയില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. 

മൗലിക അവകാശ ലംഘനം ഭരണകൂടം ഒഴികെയുള്ളവര്‍ക്കെതിരെ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പരിശോധന വേണമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ഒരാള്‍ നമ്മുടെ വീട്ടില്‍ കയറുന്നതു നമുക്കിഷ്ടമല്ല. അയാള്‍ക്കു പൊലീസ് സഹായത്തോടെ അതു ചെയ്യാനാവുമോയെന്ന് കോടതി ചോദിച്ചു. പള്ളിയില്‍ ഉള്ളവര്‍ക്കു നിങ്ങള്‍ അവിടെ  കയറുന്നത് ഇഷ്ടമല്ല, അവര്‍ക്കെതിരെ തുല്യതാ അവകാശ ലംഘനത്തിന് സമരം നടത്താനാവുമോ? തുല്യതയ്ക്കുള്ള മൗലിക അവകാശം ഭരണകൂടത്തിനെതിരെ മാത്രം ബാധകമായ ഒന്നാണ്, വ്യക്തികള്‍ക്കെതിരെ അതുപയോഗിക്കാനാവില്ല- കോടതി അഭിപ്രായപ്പെട്ടു.

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെ്‌നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com