'ഈ പണിക്കു പോയത് എന്തിനെന്ന്' ചോദ്യം ; ആന്റോ  നിർബന്ധിച്ചതിനാലെന്ന് പി ജെ കുര്യൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 07:20 AM  |  

Last Updated: 19th April 2019 08:32 AM  |   A+A-   |  

 

പത്തനംതിട്ട : കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസം​ഗം പ്രൊഫ. പിജെ കുര്യൻ പരിഭാഷപ്പെടുത്തിയതിനെതിരെയുള്ള വിമർശനം തുടരുന്നു. പരിഭാഷയിലെ അബദ്ധങ്ങളെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെ വിമർശനങ്ങൾക്ക്  വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുര്യൻ. സംഭവത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ.

‘രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല. പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

‘സാർ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന്’ ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്‌ഥാനാർത്ഥി ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സർവേർറും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു. ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു.’ പി.ജെ കുര്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പരിഭാഷയിൽ കൃത്യതയില്ലാതെ വന്നതോടെ പ്രവർത്തകരിൽ നിന്ന് കുര്യന് രൂക്ഷവിമർശനമാണ് നേരിടേണ്ടി വരുന്നത്.