കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം;തിരുവനന്തപുരത്ത് റോഡ് ഷോ തടഞ്ഞു, ആദ്യ ദുരനുഭവമെന്ന് ആന്റണി, വടകരയില്‍ നിരോധനാജ്ഞ 

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം
കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം;തിരുവനന്തപുരത്ത് റോഡ് ഷോ തടഞ്ഞു, ആദ്യ ദുരനുഭവമെന്ന് ആന്റണി, വടകരയില്‍ നിരോധനാജ്ഞ 

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.തിരുവല്ലയില്‍ എല്‍ഡിഎഫ്- എന്‍ഡിഎ സംഘര്‍ഷത്തില്‍ മു്പ്പതോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങുന്ന കേരളത്തില്‍ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കുകയാണ്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ, കൊട്ടിക്കലാശം അത്യന്തം ആവേശമാക്കാനുളള ശ്രമമാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്. ഇതിനിടെയാണ് വിവിധയിടങ്ങളില്‍ നേരിയ സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരത്ത് വേളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പം എ കെ ആന്റണി പങ്കെടുക്കുന്നതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ തടഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ദുരനുഭവമാണെന്നാണ് ആന്റണി പ്രതികരിച്ചത്. തനിക്ക് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി ചോദിച്ചു.അക്രമസംഭവങ്ങളില്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം റോഡ് ഷോ പുനരാരംഭിച്ചു.

തിരുവല്ലയില്‍ എല്‍ഡിഎഫ്- എന്‍ഡിഎ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.സംഘര്‍ഷത്തിനിടെ കല്ലേറിലും കയ്യാങ്കളിയിലുമാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കാഞ്ഞിരപ്പളളിയില്‍ കെ സുരേന്ദ്രന്റെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. എറണാകുളം പാലാരിവട്ടത്ത് എല്‍ഡിഎഫ്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വടകര വില്യാപ്പളളിയില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മേല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി പത്ത് വരെയാണ് നിരോധനാജ്ഞ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com