പിഴവു വരുത്തിയ യന്ത്രം മാറ്റി ;  വോട്ടെടുപ്പ് പുനരാരംഭിച്ചു, ആരോപണം തെറ്റെന്ന് ടിക്കാറാം മീണ

കളക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍   ആരോപണം തെറ്റാണെന്ന് വ്യക്തമായെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
പിഴവു വരുത്തിയ യന്ത്രം മാറ്റി ;  വോട്ടെടുപ്പ് പുനരാരംഭിച്ചു, ആരോപണം തെറ്റെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ  ഗുരുതര പിഴവ് കണ്ടെത്തിയ വോട്ടിങ് യന്ത്രം മാറ്റി പുതിയത് സ്ഥാപിച്ചു. കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍  വിവിപാറ്റില്‍ താമര കാണിക്കുന്നതായി പരാതി ഉയര്‍ന്നത്.

76 പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ശേഷമാണ് പിഴവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 77-ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് കൈപ്പത്തിയില്‍ കുത്തിയപ്പോള്‍ വിവി പാറ്റില്‍ താമര വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ പ്രിസൈഡിങ് ഓഫീസറോട് ഇയാള്‍ പരാതിപ്പെടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തി. ഇതേത്തുടര്‍ന്നാണ് വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചത്. 

പുതിയ വോട്ടിങ് യന്ത്രത്തിന് പിഴവില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഇതുവരെയുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ചേര്‍ത്തലയിലും ഇതേ പരാതി ഉയര്‍ന്നിരുന്നു. ഇവിടെയും നിര്‍ത്തിവച്ചിരുന്ന വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ പിഴവുണ്ടായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇത് വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിഴവുണ്ടായതായ ആരോപണം കളക്ടറും നിഷേധിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ മുമ്പ് ഇത്തരം പിഴവുകള്‍ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് വോട്ടിങ് യന്ത്രത്തില്‍ ഇത്രയും ഗുരുതരമായ പിഴവ് ഉണ്ടാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com