പിരിച്ചെടുത്ത ഫണ്ട് തന്നില്ല; കെപിസിസിക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഫലപ്രഖ്യാപനത്തിന് ശേഷം വെളിപ്പെടുത്തും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th April 2019 06:09 AM  |  

Last Updated: 24th April 2019 06:09 AM  |   A+A-   |  

 

പാലക്കാട്: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍. ആവശ്യമായ ഫണ്ട് വിഹിതം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രചാരണത്തില്‍ മൂന്നാം സ്ഥാനത്ത് പോയതെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതെയെ ബാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫലപ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എതിരാളികള്‍ മത്സരിച്ച് പണം ഇറക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വം പിരിച്ചെടുത്ത പണം നല്‍കാന്‍ തയ്യാറായില്ല.പാലക്കാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ വളരെ പുറകോട്ട് പോയിരുന്നു വികെ ശ്രീകണ്ഠന്‍.  പ്രവര്‍ത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറിനില്‍ക്കുന്നതായും നേരത്തെ ശ്രീകണ്ഠന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും ശ്രീകണ്ഠന് ആക്ഷേപമുണ്ട്. 

സംസ്ഥാനത്തെ പ്രധാനനേതാക്കളാരും തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എത്തിയില്ല. പ്രവര്‍ത്തകര്‍പോലും വയനാട്ടിലെ പ്രചാരണത്തിനായി പോയി. ബിജെപിയുടെ പ്രചാരണത്തെ പിന്തുണയ്ക്കുന്ന നിലപാടുകളും ജില്ലയിലെ നേതാക്കള്‍ കൈക്കൊണ്ടെതെന്നും പരാതി ഉയര്‍ന്നിരുന്നു.