പോളിങ് ശതമാനം ഉയര്‍ന്നതിനു കാരണം ശബരിമലയോ? കണക്കുകള്‍ മറിച്ചാണ്

പോളിങ് ശതമാനം ഉയര്‍ന്നതിനു കാരണം ശബരിമലയോ? കണക്കുകള്‍ മറിച്ചാണ്
ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌
ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ശതമാനം ഉയര്‍ന്നതിനു കാരണം ശബരിമല വിഷയമാണെന്ന വ്യാഖ്യാനം ശരിയാവാനിടയില്ലെന്നു കണക്കുകള്‍. ശബരിമല വലിയ ചര്‍ച്ചയാവാതിരുന്ന വടക്കന്‍ മണ്ഡലങ്ങളില്‍ പോളിങ് കുത്തനെ കൂടിയപ്പോള്‍ ഇക്കാര്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്ത് താരതമ്യേന കുറഞ്ഞ വര്‍ധനയാണ് വോട്ടിങ് നിരക്കിലൂണ്ടായത്. സ്ത്രീവോട്ടര്‍മാരുടെ പോളിങ് ഏറ്റവും കുറവു രേഖപ്പെടുത്തിയതും തിരുവനന്തപുരത്താണ്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് വോട്ടര്‍മാരെ, പ്രത്യേകിച്ചും സ്ത്രീകളെ കൂട്ടത്തോടെ പോളിങ് ബൂത്തില്‍ എത്തിച്ചു എന്നാണ് വോട്ടിങ് ശതമാനം ഉയര്‍ന്നതിനു വ്യാപകമായുണ്ടായ വ്യഖ്യാനം. ഇത് തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന് ബിജെപിയും യുഡിഎഫും ഒരുപോലെ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ശബരിമല ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളിലല്ല, സ്ത്രീവോട്ടര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വടകരയിലാണ് സ്ത്രീ വോട്ടിങ് നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്-85.9%. ഇവിടെ ശബരിമല കാര്യമായ തെരഞ്ഞെടുപ്പു വിഷയമായിരുന്നില്ല. ശബരിമല മുഖ്യ വിഷയമായ തിരുവനന്തപുരത്ത് 72.7% സ്ത്രീകളാണ് വോട്ടു ചെയ്തത്.

വടകര, പൊന്നാനി, ആറ്റിങ്ങല്‍, കാസര്‍ക്കോട് എന്നീ മണ്ഡലങ്ങളിലാണ് പുരുഷന്മാരേക്കാള്‍ കൂടുതലായി വന്‍തോതില്‍ സ്ത്രീകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വടകരയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി 89,546 സ്ത്രീകളാണ് വോട്ടു ചെയ്യാനെത്തിയത്. പൊന്നാനി-83,416, ആറ്റിങ്ങല്‍-81,550, കാസര്‍ക്കോട്-81,281 എന്നിങ്ങനെയാണ് പുരുഷന്മാരേക്കാള്‍ കൂടുതലായി വോട്ടു ചെയ്ത സ്ത്രീകളുടെ കണക്കുകള്‍. ഇതില്‍ ആറ്റിങ്ങലില്‍ മാത്രമാണ് ശബരിമല മുഖ്യ പ്രചാരണ വിഷയമായി ഉയര്‍ന്നുവന്നത്. 

ശബരിമല പ്രചാരണത്തില്‍ മുന്നില്‍നിന്ന തിരുവനന്തപുരത്ത് പുരുഷന്മാരെ അപേക്ഷിച്ച് അധികമായ വന്ന സ്ത്രീവോട്ടര്‍മാരുടെ എണ്ണം 23,284 മാത്രമാണ്. പത്തനംതിട്ടയില്‍ അത് 40,892 ആണ്. തൃശൂരിലാണ് ഇക്കാര്യത്തില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന വ്യഖ്യാനത്തിന് സാധ്യത കൂടുതലുള്ളത്, ഇവിടെ പുരുഷന്മാരെ അപേക്ഷിച്ച് 62,954 സ്ത്രീകള്‍ വോട്ടു ചെയ്യാനെത്തി. 

ശബരിമലയേക്കാള്‍ മറ്റു കാരണങ്ങളാവാം പോളിങ് ശതമാനം ഉയരാന്‍ കാരണമെന്നാണ് ഈ കണക്കുകള്‍ ഉദ്ധരിച്ച് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന മുഖ്യ സാധ്യത. പോളിങ് ശതമാനം ഉയര്‍ന്ന മണ്ഡലങ്ങളില്‍ നല്ലൊരു പങ്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിര്‍ണായക ശക്തിയായവയാണെന്ന് അവര്‍ പറയുന്നു. ഗള്‍ഫ് കുടിയേറ്റമാണ് നിരീക്ഷകര്‍ ഉന്നയിക്കുന്ന മറ്റൊരു സാധ്യത. പുരുഷന്മാര്‍ ഗണനീയമായ തോതില്‍ ഗള്‍ഫ് മേഖലയില്‍ തൊഴിലെടുക്കുന്ന പ്രദേശങ്ങളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്്ത്രീകള്‍ വോട്ടു ചെയ്യാനെത്തിയത്. സ്ത്രീകള്‍ വിദേശത്തു കൂടുതലായി ജോലി ചെയ്യുന്ന ഇടുക്കി, കോട്ടയം എന്നീ മണ്ഡലങ്ങളില്‍ വോട്ടുചെയ്യാനെത്തിയ സ്ത്രീകളുടെ എണ്ണം കുറവാണെന്നതും അവര്‍ എടുത്തുകാട്ടുന്നു. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കുറവു സ്ത്രീകള്‍ വോട്ടു ചെയ്യാനെത്തിയത് ഈ രണ്ടു മണ്ഡലങ്ങളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com