പാലാരിവട്ടം ഫ്‌ളൈ ഓവറിൽ അറ്റകുറ്റപ്പണി; മെയ് ഒന്ന് മുതല്‍ ഗതാഗത ക്രമീകരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 09:35 PM  |  

Last Updated: 27th April 2019 09:35 PM  |   A+A-   |  

FLYOVER

കൊച്ചി: പാലാരിവട്ടം ബൈപ്പാസിലെ ഫ്‌ളൈ ഓവറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് ഒന്ന് മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതായി ട്രാഫിക് പൊലീസ് അറിയിച്ചു. മെയ് 30 വരെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ട്രാഫിക് പൊലീസിന്റെ നിർദേശപ്രകാരം ഇടപ്പള്ളി ഭാഗത്തു നിന്നും വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് കിഴക്കുവശമുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗമാണ് യാത്ര ചെയ്യേണ്ടത്. വൈറ്റിലയിൽ നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശമുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര തുടരണം.

പാലാരിവട്ടം ഭാഗത്ത് നിന്നും കാക്കനാടേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യുടേണെടുത്താണ് പോകേണ്ടത്. വൈറ്റില ഭാഗത്തു നിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശത്തുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര ചെയ്ത് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യൂടേണെടുത്ത് പോകണം. കാക്കനാട് നിന്നും പാലാരിവട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെഡിക്കല്‍ സെന്ററിന് മുന്നിലുള്ള യൂടേണെടുത്ത് പോകേണ്ടതാണ്.