സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ജൂണ്‍ ഒന്നുമുതല്‍; പദ്ധതിയുടെ നടത്തിപ്പ് റിലയന്‍സിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 08:11 AM  |  

Last Updated: 27th April 2019 08:11 AM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി  ജൂണ്‍ഒന്നിന് നിലവില്‍വരും. 2017-18ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ നടത്തിപ്പ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 11 ലക്ഷത്തോളം പേര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

കുറഞ്ഞ വാര്‍ഷിക പ്രീമിയമായി 2992.48 രൂപയാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖലയിലെ മൂന്നെണ്ണമടക്കം അഞ്ചുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തിരുന്നത്. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് 9438.82 രൂപയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് 17,700 രൂപയും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് 6772 രൂപയും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് 7298.30 രൂപയുമാണ് വാര്‍ഷികപ്രീമിയം ആവശ്യപ്പെട്ടിരുന്നത്.ടെന്‍ഡറുകള്‍ പരിശോധിച്ചശേഷം റിലയന്‍സിനെ ധനവകുപ്പ് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മാസം 250 രൂപയാണ് പ്രീമിയമായി പിടിക്കുക. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപയില്‍നിന്ന് പ്രീമിയം തുക കുറയ്ക്കും. ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് ഗഡുക്കളായി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് മുന്‍കൂറായി നല്‍കും.
ഒ പി ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് പദ്ധതി തുടരും. ജൂണില്‍ നിലവില്‍വരുന്ന പദ്ധതിയുടെ കാലാവധി മൂന്നുവര്‍ഷമാണ്.

2 അവയവമാറ്റം ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു 3 വര്‍ഷക്കാലത്ത് ഒരു കുടുംബത്തിനു പരമാവധി 6 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വര്‍ഷം 2 ലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയാണിത്.