കൊളംബോ സ്‌ഫോടനപരമ്പര : കാസര്‍കോട് രണ്ട് വീടുകളില്‍ എന്‍ഐഎ റെയ്ഡ് ; മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു

വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് നാളെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി
കൊളംബോ സ്‌ഫോടനപരമ്പര : കാസര്‍കോട് രണ്ട് വീടുകളില്‍ എന്‍ഐഎ റെയ്ഡ് ; മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു


കാസര്‍ഗോഡ്: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് രണ്ട് വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു.  

വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകള്‍ അടക്കം പിടിചെടുത്ത സംഘം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.

കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. അതീവ രഹസ്യമായിട്ടായിരുന്നു റെയ്ഡ്. തൗഹീദ് ജമാ അത്ത് തലവനായ സഹ്രാന്‍ ഹാഷിം 2017 ല്‍ മലപ്പുറത്ത് എത്തിയിരുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 

ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നത്. സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടതായാണ് ശ്രീലങ്കയുടെ ഔദ്യോഗിക വിശദീകരണം. കൊളംബോ ഷ്ങ് ഗ്രില ഹോട്ടലില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ തൗഹീദ് ജമാ അത്ത് തലവനായ സഹ്രാന്‍ ഹാഷിമും കൊല്ലപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com