കെവിന്‍ വധക്കേസില്‍ സാക്ഷി കൂറുമാറി ; പ്രതികള്‍ക്കെതിരായ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2019 02:35 PM  |  

Last Updated: 29th April 2019 02:35 PM  |   A+A-   |  

Kevin_1200x603xt

 

കോട്ടയം : നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒരു സാക്ഷി കൂറുമാറി. കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപാണ് കോടതിയില്‍ കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് അബിന്‍ കോടതിയില്‍ മൊഴി നല്‍കിയത്. 

പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായം ചോദിച്ചുവെന്ന മൊഴിയും തിരുത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും ഇയാല്‍ നിഷേധിച്ചു. പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇങ്ങനെ പറഞ്ഞതെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. 

പ്രതികളുടെ സുഹൃത്തായ അബിന്‍ പ്രദീപ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പ്രതികള്‍ നീനുവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിയാമായിരുന്നുവെന്നും, വാള്‍ ഒളിപ്പിക്കുന്നത് കണ്ടു എന്നുമാണ് അബിന്‍ ചങ്ങനാശ്ശേരി മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതാണ് വിചാരണ കോടതിയില്‍ നിഷേധിച്ചത്. 

കേസില്‍ ഇന്ന് മറ്റ് രണ്ട് സാക്ഷികളെ കൂടി വിസ്തരിച്ചു.ആറും ഏഴും സാങികളെയാണ് വിസ്തരിച്ചത്. നീനുവിനെ താമസിപ്പിച്ചിരുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍ ബെന്നി, സംഭവദിവസം പ്രതികള്‍ രാത്രി ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്ത് തട്ടുകട നടത്തുന്ന ബിജു എന്നിവരെയാണ് വിസ്തരിച്ചത്. പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഇവര്‍ ഉറച്ചുനിന്നു.