ചാരക്കേസ് അന്വേഷണ സമിതിയില്‍ നിന്നും മാറുന്നത് ജസ്റ്റിസ് ജെയിന്‍ പുനഃപരിശോധിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ; വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്ന് സുപ്രിംകോടതി

ചാരക്കേസ് അന്വേഷണ സമിതിയില്‍ നിന്നും മാറുന്നത് ജസ്റ്റിസ് ജെയിന്‍ പുനഃപരിശോധിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ; വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്ന് സുപ്രിംകോടതി

തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചാരക്കേസ് അന്വേഷണ സമിതി തലവന്‍ സ്ഥാനം ഒഴിയുന്നതായി ജസ്റ്റിസ് ഡി കെ ജെയിന്‍ അറിയിച്ചത്

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റിമുക്തനാക്കപ്പെട്ട നമ്പി നാരായണന് എതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനുള്ള സമിതിയുടെ തലപ്പത്ത് നിന്നും ഒഴിയാനുള്ള തീരുമാനം ജസ്റ്റിസ് ഡി കെ ജെയിന്‍ പുനഃപരിശോധിച്ചേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് ജെയിനുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു.

ബിസിസിഐ ഓംബുഡ്‌സ്മാനായും ജസ്റ്റിസ് ഡി കെ ജെയിനെ കോടതി നിയമിച്ചിരുന്നു. ഇതോടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചാരക്കേസ് അന്വേഷണ സമിതി തലവന്‍ സ്ഥാനം ഒഴിയുന്നതായി ജസ്റ്റിസ് ഡി കെ ജെയിന്‍ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ജയിന്‍ കോടതിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍ ജസ്റ്റിസ് ജെയിനുമായി ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍, വെള്ളിയാഴ്ച അന്തിമ തീരുമാനം അറിയിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് ജെയിന്‍ ഒഴിയുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡയെ സമിതിയുടെ തലപ്പത്ത് വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് എ കെ പട്‌നായിക് ജസ്റ്റിസ് വിക്രം ജിത്ത് സെന്‍ എന്നിവരുടെ പേരുകള്‍ ആണ് സമിതിയുടെ തലപ്പത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് നിര്‍ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com