ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് : കളക്ടര്‍മാരോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കള്ളവോട്ടിനെതിരായ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ഇതില്‍ വിവേചനം പാടില്ല
ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് : കളക്ടര്‍മാരോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം


തിരുവനന്തപുരം : മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയെന്ന ആരോപണം ഗൗരവമേറിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ കളക്ടര്‍മാരോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിനെതിരായ കള്ളവോട്ട് പരാതിയില്‍ വെബ് ക്യാമറ ദൃശ്യങ്ങള്‍ ഒത്തുനോക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. 

കള്ളവോട്ടിനെതിരായ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ഇതില്‍ വിവേചനം പാടില്ല. കള്ളവോട്ടുകള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ടി്ക്കാറാം മീണ പറഞ്ഞു. 

പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണം പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മീണ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതായും ടിക്കാറാം മീണ വ്യക്തമാക്കി. 

കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ ലീഗുകാര്‍ കൂട്ടത്തോടെ കള്ളവോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നത്. മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ ഒരാള്‍തന്നെ അഞ്ച് വോട്ടുവരെ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുട്ടം ഗവ. മാപ്പിള യുപി സ്‌കൂളിലും വന്‍തോതില്‍ കള്ളവോട്ട് നടന്നുവെന്നും എല്‍ഡിഎഫ് ആരോപിച്ചു. 

ആ ആക്ഷേപങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ക്യാമറ ദൃശ്യങ്ങളുമായി ഒത്തുനോക്കി ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com