പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കണം; വയനാട് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

നെട്ടറ ആദിവാസി കോളനിയിലെ ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്
പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കണം; വയനാട് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

കല്‍പറ്റ: വയനാട് കലക്ടര്‍ക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ കത്ത്. തിരുനെല്ലി വില്ലേജിലെ നെട്ടറ പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. പാലത്തിന്റെ പുനഃര്‍നിര്‍മാണം നടക്കുന്ന കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു. ജൂലായ് 31 നാണ് രാഹുല്‍ ഗാന്ധി എംപി എന്ന നിലയില്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

നെട്ടറ ആദിവാസി കോളനിയിലെ ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. 2006 ല്‍ പാലം ഒലിച്ചുപോയെന്നും കഴിഞ്ഞ 13 വര്‍ഷമായി മരം കൊണ്ടുള്ള പാലത്തിലൂടെയാണ് കോളനി നിവാസികള്‍ യാത്ര ചെയ്യുന്നതും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോളനിയിലേക്ക് വരാനും പോകാനും പാലവും വഴിയുമില്ലാത്ത ബുദ്ധിമുട്ടിലാണ് നെട്ടറ കോളനിയിലെ അന്തേവാസികള്‍. എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികള്‍ പാലം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും അതെല്ലാം പാഴ് വാക്കുകളായി. നാല്‍പത് കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണം ഇപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ഈ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് രാഹുല്‍ ഗാന്ധി കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com