ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാന്‍ ഐ ഗ്രൂപ്പ്, എതിര്‍പ്പുമായി എ; കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സ്തംഭനത്തില്‍

ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാന്‍ ഐ ഗ്രൂപ്പ്, എതിര്‍പ്പുമായി എ; കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സ്തംഭനത്തില്‍
വിഎസ് ശിവകുമാര്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം (ഫയല്‍)
വിഎസ് ശിവകുമാര്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം (ഫയല്‍)

തിരുവനന്തപുരം: വിഎസ് ശിവകുമാറിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആക്കണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പുനസംഘടന സ്തംഭിച്ചതായി സൂചന. ഈയാഴ്ച പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

എംഐ ഷാനവാസ് അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ ശിവകുമാറിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിക്കാനാണ് ഐ ഗ്രൂപ്പ് നീക്കം നടത്തുന്നത്. നായര്‍ വിഭാഗത്തില്‍നിന്നുള്ള ശിവകുമാര്‍ പദവിയില്‍ എത്തുന്നതില്‍ എന്‍എന്‍എസിനു താത്പര്യമുണ്ടെന്നും ഐ ഗ്രൂപ്പ് പറയുന്നു. പുനസംഘടന സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തലയും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്താനായില്ല. എന്‍എസ്എസിനെ ഐ ഗ്രൂപ് അനാവശ്യമായി ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും ശിവകുമാറിനെ ഉന്നത പദവിയില്‍ അവരോധിക്കുന്നതിനുള്ള തന്ത്രമാണ് ഇതെന്നും എ ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നു.

ഒരാള്‍ക്ക് ഒരു പദവി എന്ന ഫോര്‍മുല പുനസംഘടനയില്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഇതനുസരിച്ച് എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഒഴിയേണ്ടിവരും. എന്നാല്‍ ഇവര്‍ ഇതിനു തയാറായിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് നിലവില്‍ എംഎല്‍എയായ വിഎസ് ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കം.

ഒരാള്‍ക്ക് ഒരു പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ധാരണ ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് പുനസംഘടനാ നടപടികള്‍ നീളുമെന്നാണ് സൂചനകള്‍. അതേസമയം ചര്‍ച്ചകള്‍ തുടരുകയാണെന്നും എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഒരാള്‍ക്ക് ഒരു പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും എന്നാല്‍ മറ്റു പല ഘടകങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് പദവികള്‍ നല്‍കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com