വാഹനം ഓടിച്ചത് ശ്രീറാം തന്നെ; അറസ്റ്റ് ഉടനെന്ന് പൊലീസ് 

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിനെ തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു
വാഹനം ഓടിച്ചത് ശ്രീറാം തന്നെ; അറസ്റ്റ് ഉടനെന്ന് പൊലീസ് 

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച വാഹനാപകടത്തിന് ഇടയാക്കിയ  കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.  സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ശ്രീറാമിനെ തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു. ശ്രീറാമിന്റെ മൊഴിയില്‍ നിന്നും, സാക്ഷി മൊഴികളില്‍ നിന്നും കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് വ്യക്തമായെന്ന് പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടന്‍ തന്നെ കടക്കുമെന്നും കമ്മീഷണര്‍ സൂചിപ്പിച്ചു. 


ശ്രീറാമിന്റെ പേര് കൂടി ചേര്‍ത്തുള്ള പുതിയ റിപ്പോര്‍ട്ട് എഫ്‌ഐആറിനൊപ്പം ചേര്‍ക്കും. എഫ്‌ഐആറിനൊപ്പം ഈ റിപ്പോര്‍ട്ട് കൂടി കോടതിയില്‍ പൊലീസ് സമര്‍പ്പിക്കും. വാഹനത്തിന്റെ ഫോറന്‍സിക് പരിശോധന അടക്കമുള്ളവ നടക്കുകയാണ്. മറ്റ് നിയമനടപടികളും പുരോഗമിക്കുകയാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിളും പൊലീസ് ശേഖരിച്ചു. ഇവ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

നേരത്തെ താനല്ല, കാറിലുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. വഫയും ഇക്കാര്യം പറഞ്ഞതായി പൊലീസ് ആദ്യം സൂചിപ്പിച്ചിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതിനാല്‍, രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് വഫ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു. അപകടസമയത്ത് കാല്‍ നിലത്തുറയ്ക്കാത്ത തരത്തില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപകടം ഉണ്ടാക്കിയ കാറിലുണ്ടായിരുന്ന ഇരുവരെയും രക്തം പോലും പരിശോധിക്കാതെ പൊലീസ് വീട്ടയക്കുകയായിരുന്നു. 

അപകടസ്ഥലത്തെത്തിയ ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരോട് ശ്രീറാം താന്‍ ഡോക്ടറാണെന്നാണ് പറഞ്ഞത്. അപ്പോള്‍ ഡോക്ടറായിട്ടും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് അറിയില്ലേയെന്ന് പൊലീസുകാര്‍ ചോദിച്ചിരുന്നതായി സാക്ഷികള്‍ പറഞ്ഞു. നീ അങ്ങോട് മാറിനില്‍ക്ക് എന്നും കൂടെയുള്ള യുവതിയെ പറഞ്ഞുവിടാനും പൊലീസ് പറഞ്ഞു. തുടര്‍ന്ന് വഫയെ യൂബര്‍ ടാക്‌സിയില്‍ സ്ഥലത്തു നിന്നും കയറ്റിവിടുകയായിരുന്നുവെന്നും സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. 

ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴും ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി  ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് ശ്രീറാമിന്റെ രക്ത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ല. ദേഹ പരിശോധന നടത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. പൊലീസ് നല്‍കിയ അപേക്ഷയില്‍ അപകടക്കേസാണെന്നും, ക്രൈം നമ്പറും രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ രക്തപരിശോധനയ്ക്ക് തനിക്ക് നിര്‍ബന്ധിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 

അതിനിടെ അപകടമുണ്ടാക്കിയ വെന്റോ കാര്‍ മുമ്പ് മൂന്നുതവണ അമിത വേഗതയ്ക്ക് ഗതാഗത വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാര്‍ അമിത വേഗതയിലായിരുന്നു എന്ന് അപകടസ്ഥലത്ത് പരിശോധന നടത്തിയശേഷം ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com