അമ്പൂരി കൊലപാതകം; രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു; നിർണായക തെളിവ്

അമ്പൂരി കൊലപാതകം; രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു; നിർണായക തെളിവ്

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. കൊല നടന്ന ദിവസം രാഖി ധരിച്ച വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരത്ത് തിരുമല– വേട്ടമുക്ക്– മരുതംകുഴി റോഡിൽ ചിറ്റാറ്റിൻകരയിൽ ഓടയിൽ പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിലാണു വസ്ത്രങ്ങൾ കണ്ടെത്തിയത്. വസ്ത്രങ്ങളും കവറുമൊക്കെ രാഖിയുടെതാണെന്ന് നാട്ടുകാരുടെ സാനിധ്യത്തിൽ പ്രതികൾ പൊലീസിനോടു സമ്മതിച്ചു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. വസ്ത്രങ്ങൾ കത്തിച്ചു എന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്. 

എന്നാൽ രാഖിയുടെ ഹാൻഡ് ബാഗ് കണ്ടെടുക്കാനായിട്ടില്ല. കൊല നടത്തി മൃതദേഹം കുഴിച്ചിട്ട ശേഷം കാട്ടാക്കടയിലെ പെട്രോൾ പമ്പിലെത്തി കാറിൽ ഇന്ധനം നിറച്ചിട്ടാണു പ്രതികൾ ഒളിവിൽ പോയത്. പമ്പിന് എതിർവശത്തെ ചതുപ്പിലേക്കു ബാഗ് വലിച്ചെറിഞ്ഞുവെന്നാണു പ്രതികൾ പറഞ്ഞിരുന്നത്. പ്രതികളുമായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൂവാർ സിഐ ബി രാജീവ്, എസ്ഐ ആർ സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഒന്നാം പ്രതി വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിൽ (24), ജ്യേഷ്ഠൻ രാഹുൽ(27) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്ത് ലോഡ്ജിൽ മുറിയെടുത്തിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ മെഡിക്കൽ കോളജ് ചാലക്കുഴി ഭാഗത്തെ ലോഡ്ജിലെത്തിച്ചു പൂവാർ പൊലീസ് തെളിവെടുത്തു. ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ  അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ കണ്ണൻ എന്ന ആദർശിനെയും (23) ഒപ്പമെത്തിച്ചിരുന്നു. ബാഗിനായി പാലക്കാട്ടെ ദീർഘദൂര– സ്വകാര്യ ബസ് ഓഫീസിലേക്ക് അന്വേഷണ സംഘം ഇന്നു പോകും.

മാതാവിനു സുഖമില്ലെന്ന് അറിഞ്ഞു കഴിഞ്ഞ 20ന് അമ്പൂരിയിലെ വീട്ടിലെത്തിയ അഖിൽ പൊലീസ് പിടിയിലാകുമെന്നു ഭയന്നു 23നാണു  ലോഡ്ജിൽ മുറിയെടുത്തതെന്നു എസ്ഐ സജീവ് പറഞ്ഞു. സഹോദരന്മാർ ഒന്നിച്ചെത്തിയാണു മുറിയെടുത്തത്. അഖിൽ 23നു ഡൽഹിക്കു വിമാനത്തിലും രാഹുലും ആദർശും അടുത്ത ദിവസം തൃശൂർക്കു ബസിലും പോയി.

ബാഗ് ബസിൽ ഉപേക്ഷിച്ചുവെന്നു ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അമ്പൂരി വാഴിച്ചൽ ഭാഗത്തു നിന്നു പൊലീസ് കണ്ടെടുത്ത, യുവതിയുടെ പൊളിച്ച നിലയിലുള്ള മൊബൈൽ ഫോണിലെ സിം കാർഡ് കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ലെന്നു പൊലീസ് പറഞ്ഞു. ശാസ്തമംഗലം ഭാഗത്ത് ഉപേക്ഷിച്ചുവെന്നു പ്രതികൾ പറഞ്ഞതനുസരിച്ച് അവിടെ തിരഞ്ഞുവെങ്കിലും കിട്ടിയില്ല. നാനോ സിം കാർഡ് രണ്ടായി മുറിച്ചാണ് ഉപേക്ഷിച്ചതെന്നാണു വിവരം. രണ്ടും മൂന്നും പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുക്കാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com