കെഎം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി എംഎ യൂസഫലി; പത്ത് ലക്ഷം രൂപ നല്‍കും

ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി
കെഎം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി എംഎ യൂസഫലി; പത്ത് ലക്ഷം രൂപ നല്‍കും

അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.  കെ എം ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് യൂസഫലി അറിയിച്ചു. 

ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുക.  ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ റിമാന്റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിലാണ്. ആശുപത്രിയിലെ സൂപ്പര്‍ ഡീലക്‌സ് റൂമിലാണ് ശ്രീറാം ചികില്‍സയില്‍ കഴിയുന്നത്. എസി മുറിയില്‍ ടി വി അടക്കമുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളുണ്ട്. റിമാന്‍ഡില്‍ ആണെങ്കിലും ശ്രീറാമിന് ഫോണ്‍ ഉപയോഗിക്കാന്‍ യാതൊരു തടസ്സവുമില്ല. പരിചയക്കാരായ യുവ ഡോക്ടര്‍മാരാണ് ശ്രീറാമിനൊപ്പമുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ശ്രീറാമിന് ഗുരുതരമായ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ചുമലിലും കൈക്കും ചെറിയ മുറിവുകള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ ചികില്‍സ തുടരേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അഥവാ ചികില്‍സ നല്‍കേണ്ടതുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റേണ്ടതാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

ആശുപത്രിയില്‍ റൂമിന് വെളിയില്‍ മൂന്ന് പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുറിയിലേക്ക് പ്രവേശനം ഇല്ലെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പരിക്കുള്ള ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ, അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പൊലീസ് അനുവാദം നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com