നാടകീയ നീക്കങ്ങൾക്ക് വിരാമം; ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ ജയിൽ സെല്ലിലേക്ക് മാറ്റി
നാടകീയ നീക്കങ്ങൾക്ക് വിരാമം; ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ ജയിൽ സെല്ലിലേക്ക് മാറ്റി. ശ്രീറാം ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ സിജെഎം കോടതി നാളെ പരി​ഗണിക്കും. ശ്രീറാമിന് ചികിത്സ ആവശ്യമുണ്ടെങ്കിൽ അക്കാര്യത്തിൽ ജയിൽ സൂപ്രണ്ടിന് തീരുമാനമെടുക്കാം. 

ശ്രീറാമിന്റെ പരിശോധനാ ഫലം സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ശ്രീറാമിന്റെ രക്തം പരിശോധിച്ചപ്പോൾ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. രക്ത പരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും. ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് ഒൻപത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്‍റെ രക്ത പരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

മദ്യപിച്ച് അമിത വേഗത്തില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസക്കേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിനെ ഇന്നാണ് അവിടെ നിന്ന് പൊലീസ് മാറ്റിയത്.

സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിലാണ് ശ്രീറാമിനെ ജില്ലാ ജയിലിന് മുന്നിലെത്തിച്ചത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ശ്രീറാമിന് ജയിലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനുള്ളില്‍ ചെലവഴിക്കേണ്ടി വന്നു. 

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലേക്ക് മാറ്റാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇതിന്റെ ഭാ​ഗമായാണ് കിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ശ്രീറാമിനെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയത്. വഞ്ചിയൂർ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചായിരുന്നു പരിശോധന. മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ശ്രീറാമിന് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയാണ് മജിസ്ട്രേറ്റ് ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. തിരുവനന്തപുരം ജില്ലാ ജയിലിലേക്കാണ് ശ്രീറാമിനെ കൊണ്ടു വന്നത്. 

ശീതീകരിച്ച മുന്തിയ മുറിയിൽ ടിവി കാണാനും ഫോൺ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും ചെയ്തത്. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പിൽ ഓൺലൈനിലാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com