ആദിവാസി യുവതി 29 വര്‍ഷം വ്യാപാരിയുടെ വീട്ടുതടങ്കലില്‍, അടിമപ്പണി, ഭീഷണി; പരാതിയുമായി ബന്ധുക്കള്‍, സമരത്തിലേക്ക് 

അട്ടപ്പാടിയിലെ ആദിവാസി യുവതിയെ വര്‍ഷങ്ങളായി കോഴിക്കോട്ടെ വ്യാപാരി വീട്ടു തടങ്കലില്‍ വെച്ചിരിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍
ആദിവാസി യുവതി 29 വര്‍ഷം വ്യാപാരിയുടെ വീട്ടുതടങ്കലില്‍, അടിമപ്പണി, ഭീഷണി; പരാതിയുമായി ബന്ധുക്കള്‍, സമരത്തിലേക്ക് 

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി യുവതിയെ വര്‍ഷങ്ങളായി കോഴിക്കോട്ടെ വ്യാപാരി വീട്ടു തടങ്കലില്‍ വെച്ചിരിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍. പന്നിയങ്കരയിലെ പി കെ ഗിരീഷ് എന്നയാള്‍ക്കെതിരേയാണ് അട്ടപ്പാടി സ്വദേശിനി ശിവയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കി.

ശിവ ഗിരീഷിന്റെ വീട്ടിലെത്തിയിട്ട് 29 വര്‍ഷമായിയെന്നും അട്ടപ്പാടിയിലേക്ക് തിരിച്ചുപോകാനോ വീട്ടുകാരുമായി കാര്യമായി ബന്ധപ്പെടാന്‍ പോലുമോ അനുവദിക്കാതെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടില്‍ അടിമ വേല ചെയ്യിക്കുന്ന ശിവയുടെ  എല്ലാ പൗരാവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്നും ആദിവാസി യുവതിയുടെ ദുര്‍ബലത ഗിരീഷ് മുതലെടുക്കുകയാണെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

സംഭവം വിവാദമായതോടെ ശിവയെ അടിമപ്പണി ചെയ്യിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള നടപടിയുമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ശിവയെ  ഭീഷണിപ്പെടുത്തി വീട്ടില്‍ തളച്ചിട്ടിരിക്കുകയാണെന്നും ഒന്നും പുറത്ത് പറയാന്‍ സമ്മതിക്കാതെ സമ്മര്‍ദം ചെലുത്തി നിര്‍ത്തിയിരിക്കുകയാണെന്നും  ഇവര്‍ ആരോപിക്കുന്നു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല. പകരം പരാതികൊടുത്തവരെ അപമാനിക്കാനാണ് കമ്മീഷണര്‍ എ വി ജോര്‍ജ് ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു. അടിമവേല ചെയ്യിച്ചൂവെന്ന് കണ്ടെത്തിയതിനാല്‍ ലേബര്‍ ഓഫീസര്‍ നഷ്ടപരിഹാരത്തുകയായി 8,86,000 രൂപ കൊടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ സമയ പരിധിയും കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല ശിവയെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഗിരീഷ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ശിവയുടെ ബന്ധുക്കളായ മുരുകന്‍, ഭാര്യ റോസി, ആദിവാസി വനിതാ സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട്, ഐഡിഎഫ് ജില്ലാ പ്രസിഡന്റ് കെ സി പുഷ്പകുമാര്‍, ജില്ലാ സെക്രട്ടറി കെ പി പ്രകാശന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com