കൂടുതല്‍ ഡാമുകള്‍ തുറന്നു; കനത്ത ജാഗ്രത, വയനാട്ടില്‍ സൈന്യം എത്തും 

കല്ലാര്‍കുട്ടി, മലങ്കര, പാബ്ല ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ക്ക് പുറമേ പെരിങ്ങല്‍ക്കുത്ത് , മംഗലം ഡാമുകളാണ് തുറന്നത്
കൂടുതല്‍ ഡാമുകള്‍ തുറന്നു; കനത്ത ജാഗ്രത, വയനാട്ടില്‍ സൈന്യം എത്തും 

കൊച്ചി: കനത്തമഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഡാമുകള്‍ തുറന്നു. കല്ലാര്‍കുട്ടി, മലങ്കര, പാബ്ല ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ക്ക് പുറമേ പെരിങ്ങല്‍ക്കുത്ത് , മംഗലം ഡാമുകളാണ് തുറന്നത്. കുറ്റിയാടി, പഴശി, കാരാപ്പുഴ എന്നി ഡാമുകളില്‍ നിന്നും വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ കനത്തമഴയില്‍ സ്ഥിതിഗതികള്‍ വഷളായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേമാരിയും ഉരുള്‍പൊട്ടലും അനുഭവപ്പെട്ട അഞ്ചുജില്ലകളില്‍ ജനജീവിതം ദുരിതപൂര്‍ണമായി. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. ഇതിനിടെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി.മുക്കം, മാവൂര്‍, നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെളളത്തിന് അടിയിലായി. മൂന്നാര്‍, മാങ്കുളം, മറയൂര്‍ എന്നിവിടങ്ങള്‍ ഒറ്റപ്പെട്ടു. കനത്തമഴയില്‍ ഇതുവരെ ഒരു വയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. 

മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com