ക്വട്ടേഷൻ 20 ലക്ഷം ; 'സയനൈഡ്' ചതിച്ചു ; സ്വത്തിനു വേണ്ടി അഭിഭാഷകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അടക്കം ആറുപേർ പിടിയിൽ

ജൂലായ് മൂന്നിന് രാത്രി 10.30 നാണ് ജ്യോതികുമാറിനെ വഞ്ചിയൂരിലുള്ള ഓഫീസിൽനിന്ന്‌ ശങ്കറും സംഘവും തട്ടിക്കൊണ്ടുപോയത്
ക്വട്ടേഷൻ 20 ലക്ഷം ; 'സയനൈഡ്' ചതിച്ചു ; സ്വത്തിനു വേണ്ടി അഭിഭാഷകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അടക്കം ആറുപേർ പിടിയിൽ

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി അഭിഭാഷകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അടക്കം ആറുപേർ അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ നെട്ടയം സ്വദേശി ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആറുപേരെ പൊലീസ് പിടികൂടിയത്. 

ക്വട്ടേഷൻ നൽകിയ ജ്യോതികുമാറിന്റെ അനുജൻ നെട്ടയം വേറ്റിക്കോണം ബിന്ദുഭവനിൽ ജ്യോതീന്ദ്രനാഥ്(49), ക്വട്ടേഷൻ ഏറ്റെടുത്ത കരകുളം പൊട്ടൻചിറ വീട്ടിൽ ശങ്കർ(36), കൂട്ടാളികളായ അരുവിക്കര വികാസ് നഗർ മരുതുംമൂട് വീട്ടിൽ രതീഷ്(33), അരുവിക്കര നെല്ലിവിള വീട്ടിൽ മോഹൻ സതി(36), മണക്കാട് പുഞ്ചക്കരി എ എസ് ഭവനിൽ ഉണ്ണി എന്ന ജോജെ(29), പുഞ്ചക്കരി വട്ടവിള വീട്ടിൽ അനിൽ(28) എന്നിവരാണ് അറസ്റ്റിലായത്.

ജൂലായ് മൂന്നിന് രാത്രി 10.30 നാണ് ജ്യോതികുമാറിനെ വഞ്ചിയൂരിലുള്ള ഓഫീസിൽനിന്ന്‌ ശങ്കറും സംഘവും തട്ടിക്കൊണ്ടുപോയത്. അഭിഭാഷകന്റെ കാറിൽതന്നെയാണ് ആര്യങ്കാവ് ഭാഗത്തേക്കു പോയത്. തുടർന്ന് സയനൈഡ് എന്ന് ഇവർ കരുതിയ പൊടി നൽകുകയും കഴുത്ത് മുറുക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ജ്യോതികുമാറിനെ മരിച്ചെന്നു കരുതി കൈയും കാലും കെട്ടിയനിലയിൽ ആര്യങ്കാവ് ചെക്പോസ്റ്റിനു സമീപം കൊക്കയിൽ ഉപേക്ഷിച്ചു. തുടർന്ന് തമിഴ്‌നാട്ടിലെ പുളിയറയിൽ കാറും ഉപേക്ഷിച്ചു.

ബോധം തിരിച്ചുകിട്ടിയതോടെ കൊക്കയിൽനിന്നു രക്ഷപ്പെട്ട് മുകളിൽ കയറിയ ജ്യോതികുമാർ പ്രദേശവാസികളുടെ സഹായത്തോടെയാണ് തിരിച്ചെത്തിയത്. നെട്ടയത്തും പരിസരപ്രദേശങ്ങളിലും ജ്യോതികുമാറിന്റെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കാനാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് അനുജനായ ജ്യോതീന്ദ്രനാഥ് പറയുന്നു. 20 ലക്ഷം രൂപയാണ് ഇതിനായി വാഗ്ദാനംചെയ്തത്. ഒന്നര ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിനു കൈമാറിയതായും ഇയാൾ വെളിപ്പെടുത്തി. 

നല്ലവിലയുള്ള ചില സ്ഥലങ്ങൾ അവിവാഹിതനായ സഹോദരൻ മറ്റു ബന്ധുക്കൾക്കു നൽകുമെന്ന സംശയമാണ് കൊലപാതകശ്രമത്തിനു പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. ആര്യങ്കാവ് മുതൽ കാർ ഉപേക്ഷിച്ച പുളിയറ വരെയുള്ള മൊബൈൽ ടവറുകൾ പരിശോധിച്ചാണ് പൊലീസ് സംഘം പ്രതികളിലേക്ക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com