രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് സ്‌റ്റേഷനിലെത്തിയ കുട്ടികളെ കണ്ട് പൊലീസ് ഞെട്ടി; കാര്യം അറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'ബിഗ് സല്യൂട്ട്'

കളഞ്ഞുകിട്ടിയ പണമടങ്ങുന്ന പഴ്‌സ് തിരികെ നല്‍കി രണ്ടു ആണ്‍കുട്ടികള്‍ മാത്യകയായി
രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് സ്‌റ്റേഷനിലെത്തിയ കുട്ടികളെ കണ്ട് പൊലീസ് ഞെട്ടി; കാര്യം അറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'ബിഗ് സല്യൂട്ട്'

പാലക്കാട്: കളഞ്ഞുകിട്ടിയ പണമടങ്ങുന്ന പഴ്‌സ് തിരികെ നല്‍കി രണ്ടു ആണ്‍കുട്ടികള്‍ മാത്യകയായി. പാലക്കാട് ഒറ്റപ്പാലം പള്ളിപ്പറമ്പില്‍ ബാവയുടെ മകന്‍ മുഹമ്മദ് സഫ്‌വാനും(13) ആര്‍എസ് റോഡ് ചുള്ളിപ്പള്ളിയാലില്‍ ഷെറീഫിന്റെ മകന്‍ മുഹമ്മദ് നൗഷിഫും (15) ആണ് നേരിന്റെ നല്ലപാഠമായത്. റോഡില്‍നിന്നു വീണുകിട്ടിയ 26,240 രൂപ ഉള്‍പ്പെട്ട പഴ്‌സ് പൊലീസിന്റെ സഹായത്തോടെ കുട്ടികള്‍  ഉടമയ്ക്ക് കൈമാറി. ഒറ്റപ്പാലം എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണു മുഹമ്മദ് സഫ്‌വാനും മുഹമ്മദ് നൗഷിഫും.

രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് അപരിചിതരായ രണ്ടു കുട്ടികള്‍ സ്‌റ്റേഷനിലേക്കു കയറി വന്നപ്പോള്‍ പൊലീസുകാര്‍ അമ്പരന്നു. കാര്യങ്ങള്‍ വിവരിച്ചതോടെ ഉദ്യോഗസ്ഥര്‍ കുട്ടികളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് തന്നെ നല്‍കി.കഴിഞ്ഞ ദിവസം രാത്രി ടൗണിലെ വേങ്ങേരി അമ്പലത്തിനു സമീപത്തുനിന്നാണു ഇരുവര്‍ക്കും പണമടങ്ങിയ പഴ്‌സ് കിട്ടിയത്. പണവുമായി നേരെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു.

പഴ്‌സിലുണ്ടായിരുന്ന രേഖകളില്‍നിന്നാണു സിഐ എം സുജിത്തും എസ്‌ഐ എസ് അനീഷും ഉടമയെ കണ്ടെത്തിയത്. നഗരത്തിലെ വ്യാപാരിയും മുരുക്കുംപറ്റ സ്വദേശിയുമായ ഷാഹുല്‍ ഹമീദ് രാത്രി തന്നെ സ്‌റ്റേഷനിലെത്തി പണമടങ്ങിയ പഴ്‌സ് കൈപ്പറ്റി. കടയടച്ചു പോകുന്നതിനിടെയാണു പഴ്‌സ് വീണുപോയതെന്നു ഷാഹുല്‍ ഹമീദ് പൊലീസിനോടു വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com