പൊലീസ് ചവിട്ടിയ യുവതിക്ക് ഗുരുതരപരിക്ക്; അടിയന്തര ശസ്ത്രക്രീയ വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍

ഇരിക്കാനും നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ട് നേരിടുന്ന യുവതിയുടെ അടിവയറ്റില്‍ നീരും ചതവുമുണ്ട്
പൊലീസ് ചവിട്ടിയ യുവതിക്ക് ഗുരുതരപരിക്ക്; അടിയന്തര ശസ്ത്രക്രീയ വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍

തൃശൂര്‍: കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ ബലം പ്രയോഗിച്ച് മാറ്റുന്നതിന് ഇടയില്‍ പൊലീസിന്റെ ചവിട്ടേറ്റ യുവതിക്ക് ഗുരുതര പരിക്ക്. പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംംബര്‍ ഉപരോധിച്ചവരെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ മാറ്റിയപ്പോഴാണ് സംഭവം. 

പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷ(35)നാണ് ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. അടിവയറ്റിന് ചവിട്ടേറ്റ നിഷ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. രാത്രി മുതല്‍ മൂത്രമൊഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് യുവതി. ഇരിക്കാനും നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ട് നേരിടുന്ന യുവതിയുടെ അടിവയറ്റില്‍ നീരും ചതവുമുണ്ട്. 

ആരോഗ്യസ്ഥിതി ഇതുപോലെ തുടരുകയാണെങ്കില്‍ അടിയന്തര ശസ്ത്രക്രീയക്ക് യുവതിയെ വിധേയമാക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിഷയെ കൂടാതെ പൊലീസ് ബലപ്രോയഗത്തിനിടെ പരിക്കേറ്റ രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പീച്ചി ചൊവ്വല്ലൂര്‍ വീട്ടില്‍ നീതു(26), ആശാരിക്കാട് സ്വദേശി എം.ജെ.ജിനീഷ്(34) എന്നിവരാണ് ലാത്തികൊണ്ടുള്ള അടിയില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. 

നീതുവിന് വയറ്റിലും, ജിനീഷിന് കഴുത്തിലുമാണ് ലാത്തികൊണ്ട് അടിയേറ്റിരിക്കുന്നത്. രാത്രി 10.30ടെ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു എന്നും, എന്നാല്‍ പുരുഷന്മാരെ വലിച്ചിഴച്ച് കൊണ്ടുപോയതിന് പിന്നാലെ തങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടാവുകയായിരുന്നു എന്നും നീതു പറയുന്നു. വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും അവരെ മാറ്റി നിര്‍ത്തി പുരുഷ പൊലീസുകാരാണ് ഞങ്ങളെ വലിച്ചിഴച്ചത് എന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com