അർധരാത്രി 'ഗുഡ്‌നൈറ്റ്' സന്ദേശം, കാറുമായി വരാന്‍ പറഞ്ഞു, ശ്രീറാമിന് മദ്യഗന്ധം ഉണ്ടായിരുന്നുവെന്ന് വഫ

രാത്രി 12.30 ന് പുറത്തുപോകാന്‍ ആഗ്രഹിച്ചു. അപ്പോഴാണ് മൊബൈലില്‍ ഗുഡ് നൈറ്റ് സന്ദേശം ലഭിച്ചത്
അർധരാത്രി 'ഗുഡ്‌നൈറ്റ്' സന്ദേശം, കാറുമായി വരാന്‍ പറഞ്ഞു, ശ്രീറാമിന് മദ്യഗന്ധം ഉണ്ടായിരുന്നുവെന്ന് വഫ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെയും കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. രാത്രി താന്‍ കാണുമ്പോള്‍ ശ്രീറാമിനു മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്ന് വഫ ഫിറോസ് പൊലീസിനോട് ആവര്‍ത്തിച്ചു

രാത്രി താന്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ഗുഡ് നൈറ്റ് മെസേജ് അയയ്ക്കും. ശ്രീറാം സാധാരണ പ്രതികരിക്കാറില്ല. സംഭവദിവസം ശ്രീറാം കാര്‍ ഉണ്ടോയെന്നു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ കവടിയാറില്‍ എത്താന്‍ ആവശ്യപ്പെട്ടു. അവിടെ എത്തി ശ്രീറാം കാറില്‍ കയറിയപ്പോള്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. താനാണു കാര്‍ ഓടിച്ചത്. കവടിയാര്‍ - വെള്ളയമ്പലം റോഡില്‍ കഫേ കോഫീഡേയ്ക്കു സമീപമെത്തിയപ്പോഴാണ് താന്‍ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞ് ശ്രീറാം പിന്‍സീറ്റില്‍ നിന്നും ഡ്രൈവര്‍ സീറ്റിലേക്കു വന്നതെന്നും വഫ മൊഴി നല്‍കി. അമിത വേഗത്തിലാണു ശ്രീറാം കാര്‍ ഓടിച്ചതെന്നും അന്വേഷണ സംഘത്തെ വഫ അറിയിച്ചു.

അതേസമയം അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിന് മൊഴി നല്‍കി. ശ്രീറാമിന്റെ മൊഴി ഇപ്രകാരമാണ്: രാത്രി 12.30 ന് പുറത്തുപോകാന്‍ ആഗ്രഹിച്ചു. അപ്പോഴാണ് മൊബൈലില്‍ വഫയുടെ ഗുഡ് നൈറ്റ് സന്ദേശം ലഭിച്ചത്. അവരോടു കാറുമായി വരാന്‍ നിര്‍ദേശിച്ചു. അന്നു താന്‍ മദ്യപിച്ചിരുന്നില്ല. സാധാരണ വേഗത്തിലാണു കാര്‍ ഓടിച്ചത്. അശ്രദ്ധ കൊണ്ടാണ് അപകടം നടന്നത്. ശ്രീറാം പറഞ്ഞു. 

അപകടത്തിനു തൊട്ടുമുന്‍പുള്ള ഏതാനും മണിക്കൂറുകളിലെ എല്ലാ കാര്യങ്ങളും മറന്നുപോകുന്ന റിട്രോഗ്രേഡ് അംനീഷ്യ ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരോടു ശ്രീറാം എല്ലാ കാര്യങ്ങളും ക്രമമായി തന്നെ വിശദീകരിച്ചു. ചികിത്സയിലിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com