ആഗസ്റ്റ് ഒന്നിന് മഴക്കുറവ് 38 ശതമാനം ; 12 ന് വെറും മൂന്ന്; പെരുമഴയുടെ കണക്കുകള്‍

ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം മണ്‍സൂണില്‍ ജൂണ്‍ മാസത്തില്‍ കേരളത്തില്‍ 48 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരുന്നത്
ആഗസ്റ്റ് ഒന്നിന് മഴക്കുറവ് 38 ശതമാനം ; 12 ന് വെറും മൂന്ന്; പെരുമഴയുടെ കണക്കുകള്‍

തിരുവനന്തപുരം :  'രണ്ടാം പ്രളയ'ത്തിനിടയാക്കിയ കനത്ത മഴയോടെ,    ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവിന്റെ ഒപ്പമെത്തിയിരിക്കുകയാണ് കേരളം. ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം മണ്‍സൂണില്‍ ജൂണ്‍ മാസത്തില്‍ കേരളത്തില്‍ 48 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ മഴക്കെടുതിയില്‍ മുക്കിയ കഴിഞ്ഞ ഏതാനും ദിവസത്തെ കനത്ത മഴയോടെ ലഭിക്കേണ്ട മഴയുടെ അളവിന്റെ ഒപ്പമെത്തുകയായിരുന്നു.

കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ആഗസ്റ്റ് ഒന്നിന് 38 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആഗസ്റ്റ് 12 ആയതോടെ മഴയുടെ കുറവ് മൂന്നുശതമാനം മാത്രമായി കുറഞ്ഞു. ആഗസ്റ്റ് 8 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലെ അതിതീവ്ര മഴയാണ് കേരളത്തിന്റെ മഴക്കമ്മി നികത്തിയത്. 

കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ആഗസ്റ്റ് 8 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയിരുന്നത്. വയനാട്ടില്‍ ആഗസ്റ്റില്‍ ശരാശരി 644 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍ വൈത്തിരിയില്‍ മാത്രം 739 മില്ലിമീറ്റര്‍ മഴ പെയ്തു. കോഴിക്കോട് ആഗസ്റ്റ് മാസത്തിലെ ശരാശരി മഴയുടെ അളവ് 547 മില്ലിമീറ്ററാണ്. എന്നാല്‍ ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വടകരയില്‍ മാത്രം 806 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 

പാലക്കാട് ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള മൂന്നുദിവസത്തിനിടെ പെയ്തത് ജില്ലയുടെ മഴയുടെ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. ജില്ലയിലെ ശരാശരി പ്രതീക്ഷിച്ച മഴ 349 മില്ലിമീറ്ററാണ്. എന്നാല്‍ ഒറ്റപ്പാലത്ത് മാത്രം പെയ്തത് 756.3 മില്ലിമീറ്ററാണ്. 
പട്ടാമ്പിയില്‍ 501 മില്ലിമീറ്ററും, പാലക്കാട് 443 മില്ലിമീറ്ററും, ആലത്തൂരില്‍ 570 മില്ലിമീറ്ററും, കൊല്ലങ്കോട് 430മില്ലിമീറ്ററും, ചിറ്റൂരില്‍ 364 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. 

മലപ്പുറത്തെ ആഗസ്റ്റ് മാസത്തെ ശരാശരി മഴയുടെ അളവ് 399 മില്ലിമീറ്ററാണ്. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം 516 മില്ലിമീറ്റര്‍ മഴയാണ് ആഗസ്റ്റ് 8 മുതല്‍ 10 വരെ പെയ്തത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com