ആശങ്ക വേണ്ട ; മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു ; മഴയുടെ ശക്തി കുറയും, പ്രവചനം

കേരളത്തിന്റെ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയിട്ടുണ്ട്
ആശങ്ക വേണ്ട ; മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു ; മഴയുടെ ശക്തി കുറയും, പ്രവചനം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറഞ്ഞു.  ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് പ്രവചനം. 

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പാണ് ആശാവഹമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരളത്തിന്റെ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഉത്തരേന്ത്യയ്ക്ക് മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതാണ് കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്. 

ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇത്തരത്തില്‍ മഴ തുടരും. നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നും വകുപ്പ് വിലയിരുത്തുന്നു. 

തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ കേരള വെതറും പ്രവചിക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന മഴ ഇന്ന് രാത്രി മുതല്‍ തെക്കന്‍, മധ്യ കേരളത്തിലും നാളെ വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും കുറയും. ന്യൂനമര്‍ദ്ദം ദുര്‍ബല അവസ്ഥയില്‍ തുടരുകയാണ്. 

കാറ്റിന്റെ ഗതിയില്‍ മാറ്റവും വേഗതയില്‍ കുറവും സംഭവിക്കുന്നുണ്ട്. മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ അതിശക്തമായ മഴ അടുത്ത 24 മണിക്കൂറില്‍ കാണുന്നില്ല. പ്രളയഭീഷണി ഇനിയില്ല . മാലദ്വീപിന് സമീപം ഒരു ന്യൂനമര്‍ദ്ദ സാധ്യത അടുത്ത ദിവസം കാണുന്നുണ്ടെങ്കിലും അതു രൂപപെടുമോ എന്ന് ഉറപ്പില്ലെന്നും സ്വകാര്യ ഏജന്‍സി വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com