ഒഴുകാന്‍ സ്ഥലമില്ല; പുഴകള്‍ ഗതിമാറി ജനവാസകേന്ദ്രങ്ങളിലൂടെ; ഇനി മഴ വന്നാല്‍ എന്താകുമെന്ന് ആശങ്ക

കനത്തമഴയും ഉരുള്‍പൊട്ടലും നാശംവിതച്ച പ്രദേശങ്ങളില്‍ ചെറുതും വലുതുമായ പല പുഴകളുടെയും ഗതിമാറിയതായി റിപ്പോര്‍ട്ട്
ഒഴുകാന്‍ സ്ഥലമില്ല; പുഴകള്‍ ഗതിമാറി ജനവാസകേന്ദ്രങ്ങളിലൂടെ; ഇനി മഴ വന്നാല്‍ എന്താകുമെന്ന് ആശങ്ക

കല്‍പ്പറ്റ: കനത്തമഴയും ഉരുള്‍പൊട്ടലും നാശംവിതച്ച പ്രദേശങ്ങളില്‍ ചെറുതും വലുതുമായ പല പുഴകളുടെയും ഗതിമാറിയതായി റിപ്പോര്‍ട്ട്. ദുരന്തമുണ്ടായ മലയോര മേഖലയിലെ പുഴകളില്‍ ഒരുതുള്ളി വെള്ളംപോലുമില്ല. എല്ലാം കരയിലൂടെയാണ് ഒഴുകുന്നത്. മണ്ണും മണലും പാറക്കെട്ടുകളും വന്മരങ്ങളും വന്നടിഞ്ഞ പുഴകളെ തിരിച്ചറിയാന്‍പോലും കഴിയുന്നില്ല. ശക്തമായ മഴ ഇനിയും പെയ്താല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. പുഴ വീണ്ടും ഗതിമാറി മറ്റു ഭാഗങ്ങളിലേക്ക് തിരിയുന്നത് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കും.

കൂടുതല്‍ നാശനഷ്ടമുണ്ടായ നിലമ്പൂര്‍ മേഖലയിലും വയനാട്ടിലും പുഴകളുടെ ഗതി മാറ്റമാണ് വലിയ തിരിച്ചടിയായത്. വയനാട്ടില്‍ മാനന്തവാടിപ്പുഴ, നൂല്‍പ്പുഴ, പനമരംപുഴ തുടങ്ങിയവയെല്ലാം ഇത്തവണ കരകവിഞ്ഞു. വലിയ പുഴകളില്‍ മണ്ണും മണലും മരങ്ങളും അടിഞ്ഞതോടെ വെള്ളം കരയിലേക്ക് പെട്ടെന്നു കയറി. വെള്ളത്തിന് ഒഴുകാന്‍ ഇടമില്ലാതായതോടെ വാസസ്ഥലങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും വെള്ളം കുത്തിയൊലിച്ചു. കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടിയതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ചാലിയാര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് നശിച്ചിട്ടുണ്ട്.

ഭാരതപ്പുഴയുടെ നേര്‍പകുതി മണല്‍ വന്നടിഞ്ഞ് നീരൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. പുഴ ഗതിമാറിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ വയനാട് മേഖലയില്‍മാത്രം ആയിരത്തിലേറെ ഏക്കര്‍ ഭൂമി നശിച്ചു. നിലമ്പൂര്‍ മേഖലയില്‍ ചാലിയാര്‍ പുഴയുടെ പ്രധാന കൈവഴികളിലെല്ലാം വന്മരങ്ങള്‍ വന്നടിഞ്ഞിരിക്കുകയാണ്. ചളിയും മണലും നീക്കം ചെയ്യാമെങ്കിലും വന്മരങ്ങളും പാറക്കെട്ടുകളും നീക്കുക പ്രയാസമാണ്. മലപ്പുറം കരുവാരക്കുണ്ടിലൂടെ ഒഴുകുന്ന ഒലിപ്പുഴയില്‍ മണലടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കടുത്ത വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് മണല്‍ നീക്കം ചെയ്യാന്‍ നടപടിയെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com