പുതപ്പിനും പായക്കും പിന്നാലെ, അമ്പതിനായിരം കിലോ അരിയും ; മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് സാന്ത്വനവുമായി രാഹുല്‍ഗാന്ധി

അഞ്ച് കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം
പുതപ്പിനും പായക്കും പിന്നാലെ, അമ്പതിനായിരം കിലോ അരിയും ; മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് സാന്ത്വനവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് സഹായവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. ദുരിതത്തില്‍പ്പെട്ടവര്‍ക്കായി അമ്പതിനായിരം കിലോ അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുമെന്ന് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അറിയിച്ചു. ഇതിനായി അരിയും ഭക്ഷ്യവസ്തുക്കളും ജില്ലയിലെത്തിച്ചു. 

വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാസ്വാസ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. അഞ്ച് കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രാദേശിക പാര്‍ട്ടി ഘടകങ്ങള്‍ വഴി ഇതിന്റെ വിതരണം ആരംഭിച്ചു.

രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്. അടുത്ത ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ എത്തിക്കാനാണ് തീരുമാനം.

വെള്ളവും ചെളിയും കയറിയ വീടുകളും ബാത്ത്‌റൂമുകളും ശുചീകരിക്കുന്നതിനാവശ്യമായ വസ്തുക്കളാകും ഇതില്‍ ഉള്‍പ്പെടുത്തുക. ഈ മാസം അവസാനം രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com