പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാന്‍...സിസ്റ്റര്‍ ലൂസി കളപ്പുരയെ ഉടന്‍ മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്ന് വീട്ടുകാര്‍ക്ക് കത്ത്

അച്ചടക്ക ലംഘനങ്ങള്‍ ചൂണ്ടിക്കട്ടി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് പുറത്താക്കിയത്
പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാന്‍...സിസ്റ്റര്‍ ലൂസി കളപ്പുരയെ ഉടന്‍ മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്ന് വീട്ടുകാര്‍ക്ക് കത്ത്

കൊച്ചി : സന്യാസസഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്‌സിസി) യില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ എത്രയും വേഗം മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് കത്തയച്ചു. സിസ്റ്റര്‍ ലൂസിയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്ന് കാണിച്ച് എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയയാണ് വീട്ടുകാര്‍ക്ക് കത്തയച്ചത്. സിസ്റ്റര്‍ ലൂസിയുടെ അമ്മ റോസമ്മ സ്‌കറിയയെ അഭിസംബോധന ചെയ്യുന്നതാണ് കത്ത്. 

അച്ചടക്ക ലംഘനങ്ങള്‍ ചൂണ്ടിക്കട്ടി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് പുറത്താക്കിയത്. കാസര്‍കോട് ജില്ലയിലെ ചെമ്മരന്‍കയം പെരുമ്പട്ടയിലാണ് സിസ്റ്റര്‍ ലൂസിയുടെ കുടുംബവീട്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയയുടെ കത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. 

പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാന്‍...

എഫ്‌സിസി സംഭാഗമായിരുന്ന ലൂസി കളപ്പുരയെ പുറത്താക്കിയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. സഭാ നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനമാണ് കാരണം. 2015 മുതല്‍ തുടര്‍ച്ചയായി അനുസരണ-ദാരിദ്ര വ്രതങ്ങള്‍ ലൂസി ലംഘിച്ചുകൊണ്ടിരുന്നത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. നടപടിക്ക് ലൂസിക്ക് പൗരസ്ത്യ തിരുസംഘത്തിന് അപേക്ഷ നല്‍കാവുന്നതാണ്. അല്ലാത്തപക്ഷം ലൂസിയെ 17-ാം തീയതിയോടെ മഠത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകേണ്ടതാണ്. കുടുംബത്തിലെ ലൂസിയുടെ വിഹിതമായ സ്വത്ത് സഭയ്ക്ക് നല്‍കിയിട്ടില്ലാത്തതിനാല്‍അവിടെത്തന്നെ ഉണ്ടാകുമല്ലോ. 2017 ഡിസംബര്‍ മുതല്‍ ലൂസിയുടെ ശമ്പളം സഭയ്ക്ക് നല്‍കുന്നില്ലാത്തതിനാല്‍ അതും കൈവശമുണ്ടാകും. മാസം 50,000 ന് മുകളില്‍ ശമ്പളം ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ പത്തുലക്ഷത്തോളം കൈവശം കാണും. വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ചേരുമ്പോള്‍ ലൂസിക്ക് സാമ്പത്തിക സുരക്ഷയില്‍ ജീവിക്കാനാകും. സഭയില്‍ നിന്ന് പുറത്താക്കുന്നതുവരെയുള്ള ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണെങ്കിലും അതിനായി അവകാശവാദം ഉന്നയിക്കുന്നില്ല. സഭയിലായിരിക്കുമ്പോല്‍ ചെയ്ത സേവനങ്ങള്‍ക്ക് പ്രതിഫലത്തിന് അവകാശമുണ്ടായിരിക്കില്ലെന്ന് നിത്യവ്രതം ചെയ്യുന്ന സമയത്ത് ലൂസി എഴുതി തന്നിട്ടുണ്ട്. ലൂസിക്കുവേണ്ടി നിങ്ങളില്‍ നിന്ന് സ്വീകരിച്ച പത്രമേനി ( ഒരാള്‍ മഠത്തില്‍ ചേരുമ്പോള്‍ കുടുംബം നല്‍കുന്ന തുക) മഠത്തില്‍ നിന്ന് പോകുമ്പോള്‍ തീര്‍ത്തു നല്‍കും എന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ കത്തില്‍ വിശദീകരിക്കുന്നു. 

അതിനിടെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന് അപ്പീല്‍ നല്‍കി. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിനാണ് അപ്പീല്‍ നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ഇ-മെയിലായിട്ടാണ് അപ്പീല്‍ നല്‍കിയത്. 84 വയസ്സുള്ള തന്റെ അമ്മയ്ക്ക് ധിക്കാരം നിറഞ്ഞ ഭാഷയിലാണ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ കത്തെഴുതിയിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ഈ പ്രായത്തില്‍ അമ്മ വന്ന് കൂട്ടിക്കൊണ്ടുപോകണമെന്നാണോ ഉദ്ദേശിക്കുന്നത് ?. എന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതുകൊണ്ടാണ അപ്പീല്‍ നല്‍കിയത്. മഠത്തില്‍ തുടരണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ലൂസി കളപ്പുര പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com