45 വർഷം മുൻപ് നാടുവിട്ട മകനെ കാണാൻ മണിക്കൂറുകൾ മാത്രം ബാക്കി; മകനെ കാണാതെ ഉമ്മ യാത്രയായി

പതിനേഴാം വയസ്സിൽ നാടുവിട്ട മകൻ ഇനി കാണുക ആ ഉമ്മയുടെ ചേതനയറ്റ ശരീരം
45 വർഷം മുൻപ് നാടുവിട്ട മകനെ കാണാൻ മണിക്കൂറുകൾ മാത്രം ബാക്കി; മകനെ കാണാതെ ഉമ്മ യാത്രയായി

കാസർകോട്: വർഷങ്ങൾക്ക് മുമ്പ് വീടുവിട്ട മകനെ കാണാനുള്ള ഉമ്മയുടെ മോഹം സഫലമായില്ല. നാലരപ്പതിറ്റാണ്ടുമുമ്പ് വീടുവിട്ട മകൻ തിരിച്ചെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉമ്മ യാത്രയായി. മുട്ടത്തൊടി ഹിദായത്ത് നഗറിലെ പരേതനായ സേഠ് അബ്ദുള്ളയുടെ ഭാര്യ നബീസ(85)യാണ് മകനെ ഒരു നോക്ക് കാണാനുള്ള ആ​ഗ്രഹം ബാക്കിവെച്ച് വിടപറഞ്ഞത്. ഇന്നലെ വൈകിട്ട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

പതിനേഴാം വയസ്സിൽ നാടുവിട്ട മകൻ മുഹമ്മദ് (62) ഇനി കാണുക ആ ഉമ്മയുടെ ചേതനയറ്റ ശരീരം. നാട്ടിലേക്കുള്ള തീവണ്ടി കയറാൻ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുമ്പോഴാണ് ഉമ്മയുടെ മരണവാർത്ത മുഹമ്മദിനെ തേടിയെത്തിയത്. സഹോദരൻ കുഞ്ഞുമുഹമ്മദ്ദും ഒപ്പമുണ്ടായിരുന്നു. മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതാണ് കുഞ്ഞുമുഹമ്മദ്. 

ചെന്നൈയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് മുഹമ്മദിനെ കണ്ടെത്തി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കിയത്. ഹോട്ടൽപ്പണിചെയ്തും പലയിടത്ത് അലഞ്ഞുമാണ് ഈ വർഷങ്ങൾ മുഹമ്മദ് തള്ളിനീക്കിയത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ഇക്ക വീടുവിട്ടതെന്നത് കുഞ്ഞുമുഹമ്മദ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ‍ജേഷ്ഠനെ നാട്ടിലേക്കുകൊണ്ടുപോകാൻ അയൽവാസിക്കൊപ്പം കുഞ്ഞുമുഹമ്മദ് ചെന്നൈയിലെത്തിയത്. 

വർഷങ്ങൾക്ക് ശേഷം ജേഷ്ടനും അനിയനും കണ്ടുമുട്ടിയ രം​ഗം ഏറെ വികാരഭരിതമായിരുന്നു. അനിയൻ ചേട്ടന്റെ കൈ ചേർത്തുപിടിച്ചപ്പോൾ ആറുമാസമുള്ളപ്പോൾ മാത്രം കണ്ടിട്ടുള്ള കുഞ്ഞനിയനെ ഇമവെട്ടാതെ നോക്കുകയായിരുന്നു മുഹമ്മദ്. പതുക്കെ ഇരുവരുടെയും മുഖത്ത് പുഞ്ചിരിവിടർന്നു. ബാപ്പയുടം മരണവും ഇവർ മുഹമ്മദിനെ അറിയിച്ചു. 31 വർഷംമുമ്പായിരുന്നു അത്. ഉമ്മയെ കാണണ്ടെ എന്ന് ചോദിച്ചപ്പോൾ കണ്ണീരായിരുന്നു മറുപടി. 

ചെന്നൈയിൽ നിന്ന് തീവണ്ടികയറുന്നതിനുമുമ്പ് മരണവാർത്തയെത്തി. ഇരുവരും പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെ ഇവർ കാസർകോട്ടെത്തും. പത്തുമണിയോടെ ആലമ്പാടി ഖിളർ ജുമാ മസ്ജിദിൽ ഉമ്മയുടെ ഖബറടക്കം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com