കെവിന്‍ വധം : 10 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ മറ്റന്നാള്‍ ; നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടു ;  ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

ഒന്നു മുതല്‍ നാലു വരെയും, ആറു മുതല്‍ ഒമ്പതു വരെയും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി
കെവിന്‍ വധം : 10 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ മറ്റന്നാള്‍ ; നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടു ;  ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10  പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസിലെ അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. 

ഒന്നു മുതല്‍ നാലു വരെയും, ആറു മുതല്‍ ഒമ്പതു വരെയും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 11,12 പ്രതികളും കേസില്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. അഞ്ചാം പ്രതി ചാക്കോ ജോണ്‍, 10, 13, 14 പ്രതികളെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. കേസ് ദുരഭിമാനക്കൊലയാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന പ്രോസിക്യൂഷന്‍വാദം കോടതി ശരിവെച്ചു. 

ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അ‍ഞ്ചാം പ്രതി ചാക്കോ, 10-ാം പ്രതി വിഷ്ണു, 13 ഉം, 14 ഉം പ്രതികളായ ഷിനു നാസര്‍, റെമീസ് എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്. ​ഗൂഢാലോചന കുറ്റമാണ് ചാക്കോക്കെതിരെ ചുമത്തിയിരുന്നത്.  

ഈ മാസം 14 നായിരുന്നു വിധി പ്രസ്താവം നേരത്തെ നിശ്ചയിച്ചത്. എന്നാല്‍ കേസ് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് കോടതി വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടിരുന്നു. കേസ് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇരുവരും ക്രിസ്ത്യാനികളാണെന്നും, വിവാഹത്തിന് പിതാവ് ചാക്കോ സമ്മതം അറിയിച്ചിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടുതന്നെ ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. 

തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. പിന്നീട് ചാലിയേക്കര ആറ്റില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറില്‍ പോകവെ, പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

നീനുവിന്‍ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. 113 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റെക്കോര്‍ഡ് വേഗത്തിലാണ് വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com