എനിക്കിഷ്ടം ഡിവൈഎഫ്‌ഐയെ; ചീളുകേസുകള്‍ ഒന്നും എടുക്കില്ല; ആമസോണിലെ തീപിടുത്തും ഗുരുതരം; ട്രോളുമായി വിടി ബല്‍റാം

മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്‌സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ല 
എനിക്കിഷ്ടം ഡിവൈഎഫ്‌ഐയെ; ചീളുകേസുകള്‍ ഒന്നും എടുക്കില്ല; ആമസോണിലെ തീപിടുത്തും ഗുരുതരം; ട്രോളുമായി വിടി ബല്‍റാം


ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ തീ പടരുന്നതും അതു നിയന്ത്രിക്കാത്തതിനുമെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന സമരത്തെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. എനിക്ക് ഡിഫിയെയായാണ് ഇഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്‌സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ലെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. 

സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണെന്നും കുറിപ്പില്‍ ബല്‍റാം പറയുന്നു.

ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്‍പില്‍ സമരം നടത്തുന്ന ചിത്രം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിനെ ട്രോളി നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. 

ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ്ഓഫിസിനു മുന്നില്‍ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമ ഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന്‍ ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നു .മിക്കവാറും ആമസോണ്‍ കാടുകള്‍ ചുറ്റി ഒരു വനിതാ മതില്‍ തീര്‍ക്കാന്‍ സാധ്യത ഉണ്ട്, ഇന്ത്യയുടെ നീറുന്ന പ്രശ്‌നമായ ആമസോണ്‍ വിഷയത്തില്‍ അവധി ദിവസം ബ്രസീല്‍ എംബസിയ്ക്ക് മുന്നില്‍ പോയി സമരം ചെയ്ത റിയാസ് മാസ്് ആണ് എന്നിങ്ങനെ നിരവധി ട്രോളുകളാണ് പേജില്‍ വന്നു നിറയുന്നത്. 

സമരത്തിനു മണിക്കൂറുകള്‍ മുന്‍പ് ആമസോണ്‍ വിഷയത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പങ്കുണ്ടെന്ന് കാട്ടി റിയാസ് ഫേയ്‌സ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെ മസോണ്‍ വനാന്തരങ്ങളില്‍ ധാതു സമ്പത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചില വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ സംശയമുയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം 74000 ത്തിലധികം തീപ്പിടുത്തങ്ങളാണ് ആമസോണില്‍ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 83 ശതമാനം കൂടുതലാണ്. പുതിയ ബ്രസീലിയന്‍ ഭരണാധികാരിയും കോര്‍പ്പറേറ്റുകളുടെ കളി തോഴനുമായ ജയര്‍ ബോള്‍സനാരോ ഈ പ്രകൃതി ദുരന്തത്തേ നിയന്ത്രിക്കുന്നതില്‍ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. ബോളീവിയന്‍ അതിര്‍ത്തിക്കുള്ളിലെ വനപ്രദേശത്ത് പടരുന്ന തീ നിയന്ത്രിക്കുവാന്‍ അവിടുത്തെ ഇടതുപക്ഷ ഭരണാധികാരി കൂടിയായ ഇവാ മൊറലേസ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കര്‍ വിമാനത്തെ വാടകയ്‌ക്കെടുത്ത് നിയോഗിച്ചിരിക്കുന്നു എന്നത് ഏറെ ആശ്വസകരമാണ്. എന്നാല്‍ ആമസോണ്‍ വനാന്തരങ്ങളുടെ സിംഹഭാഗവും ബ്രസീലിന്റെ അധീനതയിലാണ്. ബോണ്‍സനാരോയുടെ ക്രിമിനല്‍ നിസംഗത, ലോക പരിസ്ഥിതിയെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിയ്ക്കുന്നത്.


ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്‌സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com