മോദിയെ സ്തുതിച്ചല്ല, പ്രതിപക്ഷത്തിരുന്നു പണിയെടുത്താണ് അധികാരം പിടിക്കേണ്ടത്: കെ മുരളീധരന്‍

എന്നെയാരും പഠിപ്പിക്കേണ്ട, എന്റെ കാര്യം ഞാന്‍ തീരുമാനിക്കും എന്നു പറയുന്നവര്‍ പുറത്തുപോവുകയാണ് വേണ്ടത്
കെ മുരളീധരന്‍ /ഫയല്‍
കെ മുരളീധരന്‍ /ഫയല്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു സംസാരിച്ച ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെ മുരളീധരന്‍. ഒരു കാരണവശാലും മോദിയെ സ്തുതിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും ഈ നേതാക്കള്‍ക്കെല്ലാം എന്തു പറ്റിയെന്നു തനിക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കണമെന്നുള്ളവര്‍ പാര്‍ട്ടി വിട്ടുപോവുകയാണ് വേണ്ടതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മോദിയെ പുകഴ്ത്തി സംസാരിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ കര്‍ശന നടപടി ആവശ്യപ്പെടും. ശശി തരൂരിന്റെ മനംമാറ്റം എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വേണ്ട. മോദിയെ സ്തുതിക്കുന്ന ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. 

യുപിഎ ഭരണകാലത്ത് ആ സര്‍ക്കാരിനെതിരെ ഒരു നല്ല വാക്കു പോലും പറയാത്തവരാണ് ബിജെപി നേതാക്കള്‍. അന്നു സര്‍ക്കാരിന്റെ ചെറിയ പിഴവു പോലും പെരുപ്പിച്ചുകാണിച്ച് പ്രചാരണം നടത്തുകയാണ് ബിജെപിക്കാര്‍ ചെയ്തത്. ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലും വ്യക്തിപരമായിത്തന്നെ ആക്ഷേപിച്ചു. ഇത്തരം പ്രചാരണങ്ങളുടെയൊക്കെ ഫലമായാണ് യുപിഎയ്ക്കു പരാജയം നേരിട്ടത്. 

അതിഹീനമായ വിധത്തില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. അദ്ദേഹം ചെയ്ത ഏതു നല്ല കാര്യമാണുള്ളത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയല്ല ബിജെപി തെരഞ്ഞെടുപ്പു ജയം നേടിയത്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നത്? ഏതു കേസും നേരിടാന്‍ തയാറെന്നു പറഞ്ഞ ചിദംബരത്തെ മതില്‍ ചാടിക്കടന്നാണ് അറസ്റ്റ് ചെയ്തത്. അങ്ങനെയൊരു പ്രധാനമന്ത്രിയെയാണ് സ്തുതിക്കുന്നത്- മുരളീധരന്‍ പറഞ്ഞു.

മോദിയെ സ്തുതിക്കാനോ ചെയ്ത കാര്യങ്ങള്‍ മൂടി വയ്ക്കാനോ കോണ്‍ഗ്രസിനു കഴിയില്ല. മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നയം കോണ്‍ഗ്രസ് തുടരും. സോണിയ ഗാന്ധി അതു വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി നയങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നെയാരും പഠിപ്പിക്കേണ്ട, എന്റെ കാര്യം ഞാന്‍ തീരുമാനിക്കും എന്നു പറയുന്നവര്‍ പുറത്തുപോവുകയാണ് വേണ്ടത്. 
മോദിയെ സ്തുതിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. കുറച്ചുകാലം കാത്തിരിക്കേണ്ടി വരും, പ്രതിപക്ഷത്തിരുന്നു പണിയെടുക്കേണ്ടിവരും - മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com