പൊലീസിന് ഇനി ജയിലിലെ ഷൂ! ചപ്പാത്തിക്കും തുണിത്തരങ്ങള്‍ക്കും പിന്നാലെ ചെരിപ്പ് നിര്‍മാണ യൂണിറ്റും

പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളിലാണു ചെരിപ്പ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുക
പൊലീസിന് ഇനി ജയിലിലെ ഷൂ! ചപ്പാത്തിക്കും തുണിത്തരങ്ങള്‍ക്കും പിന്നാലെ ചെരിപ്പ് നിര്‍മാണ യൂണിറ്റും

തിരുവനന്തപുരം: ചപ്പാത്തിയും തുണിത്തരങ്ങളും വന്‍ വിജയമായതിന് പിന്നാലെ ചെരിപ്പുകളുമായി ജയില്‍ വകുപ്പ്. തടവുകാര്‍ ഷൂസുകളും ചെരിപ്പുകളും നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളിലാണു ചെരിപ്പ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഇതില്‍ പൂജപ്പുരയിലേതു പ്രവര്‍ത്തനം തുടങ്ങി. മറ്റിടങ്ങളില്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

ആദ്യ ഘട്ടത്തില്‍ പൊലീസുകാര്‍ക്കും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ക്കുമുള്ള ഷൂസുകളും സ്ത്രീകള്‍ക്കുള്ള ചെരിപ്പുകളുമായിരിക്കും തടവുകാര്‍ തയാറാക്കുക. ജയില്‍ അന്തേവാസികളില്‍ ചെരിപ്പു നിര്‍മാണത്തില്‍ പരീശീലനം നേടിയ 15 പേരെയാകും യൂണിറ്റില്‍ നിയോഗിക്കുക. ജയില്‍ സൊസൈറ്റി വഴി അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കും. മുഴുവന്‍ പൊലീസ് സേനാംഗങ്ങള്‍ക്കും 'ജയില്‍ ഷൂസ്' ലഭ്യമാക്കുകയാണു ലക്ഷ്യം. 

60,000 ഷൂസുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ പൂജപ്പുരയിലെ യൂണിറ്റിനു ലഭിച്ചു കഴിഞ്ഞു. നിലവില്‍ കൈ കൊണ്ടു നിര്‍മിച്ച യന്ത്രങ്ങളാണു യൂണിറ്റില്‍ ഉള്ളതെങ്കിലും പകരം ആധുനിക യന്ത്രങ്ങള്‍ ആവശ്യപ്പെട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കു കൂടി ചെരിപ്പും ഷൂസും ഇവിടെ നിന്ന് ഉത്പാദിപ്പിച്ചു നല്‍കാന്‍ കഴിയുമെന്നാണു ജയില്‍ അധികൃതരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com