കാലടിയില്‍ കാട്ടുപന്നി ചത്തത് ആന്ത്രാക്‌സ് ബാധിച്ച് ;  ജാഗ്രതാ നിര്‍ദേശം ; 9 വനപാലകര്‍ നിരീക്ഷണത്തില്‍

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം കാട്ടുപന്നി ചത്തത് ആന്ത്രാക്‌സ് ബാധിച്ചാണെന്ന് കണ്ടെത്തി. ചത്ത കാട്ടുപന്നികളില്‍ ഒന്നിനാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. കാട്ടുപന്നിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുകയും സംസ്‌കരിക്കുകയും ചെയ്ത ഒമ്പത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. 

ചാലക്കുടിപ്പുഴയുടെ മറുകരയില്‍ എറണാകുളം ജില്ലയിലെ കല്ലാല എസ്‌റ്റേറ്റിലെ ബി വണ്‍ ബി ടു ഡിവിഷനിലാണ് കഴിഞ്ഞ ചൊവ്വാഴ്ച കാട്ടുപന്നിയുടെ ജഡം കണ്ടത്. പന്നിയുടെ വായില്‍നിന്ന് നുരയും പതയും പുറത്തുവന്നതിനാല്‍ സംശയം തോന്നി വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തിനും പരിശോധനയ്ക്കുമായി മണ്ണുത്തി വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടത്തെ പരിശോധനയിലാണ് പന്നിയുടെ മരണകാരണം ആന്ത്രാക്‌സ് ആണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 23നും പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ ഈ പരിസരത്തുതന്നെ കാട്ടുപന്നിയുടെ ജഡം കണ്ടിരുന്നു. എന്നാല്‍, ഇത് ആന്ത്രാക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പാണ്ടുപാറയില്‍ ഒരു പശുവിനെ വ്യാഴാഴ്ച ചത്തനിലയില്‍ കണ്ടിരുന്നു. മരണകാരണം ആന്ത്രാക്‌സ് ബാധയാണോയെന്ന് ഉറപ്പുവരുത്താന്‍ ഇതിന്റെ ഭാഗങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രോഗം വേഗത്തില്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനത്തിലും പരിസരങ്ങളിലും അഴിച്ചുവിട്ടു വളര്‍ത്തുന്ന മൃഗങ്ങളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാന്റേഷനിലെ ഭൂരിഭാഗം പേരും പശുക്കളെ അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചു മണിക്കൂറുകള്‍ക്കകം മരണമുണ്ടാകും എന്നതിനാല്‍ പ്ലാന്റേഷനില്‍ എങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി പ്രദേശത്തെ കന്നുകാലികള്‍ക്ക് വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 

രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യം, ഉമിനീര്‍, മുറിവുകളിലെ സ്രവം എന്നിവയിലൂടെയാണ് രോഗം പകരാന്‍ സാധ്യത. മൃഗങ്ങളെയാണ് ആന്ത്രാക്‌സ് കൂടുതലായും ബാധിക്കുന്നത്. പുല്ലു തിന്നുന്നവയെയാണ് രോഗം എളുപ്പത്തില്‍ ബാധിക്കുക. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗമുള്ള മൃഗത്തിന്റെ ഇറച്ചി കഴിക്കുന്നവരും, രോഗബാധയേറ്റ മൃഗങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയേറെയാണ്. 

അന്ത്രാക്‌സ് ബാധിച്ച് കാട്ടുപന്നി ചത്ത സംഭവത്തില്‍ ഒമ്പതു വനപാലകരാണ് ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ചികില്‍സ തേടിയത്. മാസ്‌കും കയ്യുറയും ധരിക്കണമെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി ഇവരുടെ രക്തം ശേഖരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com