സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കടന്നുചെല്ലാം; കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കുന്ന ഓര്‍ഡിനന്‍സുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്.
സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കടന്നുചെല്ലാം; കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കുന്ന ഓര്‍ഡിനന്‍സുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിയമസംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഓര്‍ഡിനന്‍സില്‍ വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിന് ഹൈക്കോടതി റിട്ട. ജസ്റ്റിസ് അധ്യക്ഷനായി കമ്മിഷന്‍ രൂപീകരിക്കാനും വ്യവസ്ഥയുണ്ട്. കലാലയ രാഷ്ട്രീയം നിരോധിച്ച കോടതിവിധി മറികടക്കാനാണ് തിരക്കിട്ടു ബില്‍ കൊണ്ടുവരുന്നത്. 

'കേരള വിദ്യാര്‍ഥി സംഘടനകള്‍ റജിസ്റ്റര്‍ ചെയ്യലും വിദ്യാര്‍ഥി പരാതിപരിഹാര കമ്മിഷന്‍ രൂപീകരണവും (2019)' എന്ന പേരിലുള്ള കരട് ബില്ലാണ് ഓര്‍ഡിനന്‍സായി ഇറങ്ങുക. കരട് ബില്‍ നിയമവകുപ്പിന്റെ അംഗീകാരത്തോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് സമര്‍പ്പിച്ചു.

പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിക്കാനും ചട്ടം ലംഘിക്കുന്ന മാനേജ്‌മെന്റിന് 10,000 രൂപ വരെ പിഴശിക്ഷ നല്‍കാനും കമ്മിഷന് അധികാരമുണ്ട്. കലാലയ സംഘര്‍ഷങ്ങള്‍ കുറക്കാന്‍ ഈ ബില്‍ മാര്‍ഗരേഖയാകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം പുതിയ നിയമത്തിന്റെ തണലില്‍ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ഥി സംഘടനകള്‍ക്ക് കടന്നു ചെല്ലാം.

ബില്‍ നിയമമായാല്‍ അതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകളുടെ വിധികള്‍ നിലവിലുണ്ട്. തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബില്ലിനു രൂപം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com