പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് പുറത്താക്കിയത്; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് പുറത്താക്കിയത്; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

തിരുവനന്തപുരം: സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കുന്ന പോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിലൂടെ ജന്മം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. സ്‌നേഹത്തിലൂടെ സന്യാസജീവിതം പൂര്‍ണമാകുകയുള്ളുവെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും ചേര്‍ന്ന് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ 'സന്യാസിമഠങ്ങളിലെ മതിലുകള്‍ക്കുപിന്നില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അകത്തു നിന്നുകൊണ്ട് പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. മഠത്തിന് മുന്നില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചതിലൂടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും കന്യാസ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

ദൈവസ്‌നേഹം നഷ്ടപ്പെട്ടാല്‍ സന്യാസജീവിതം പിന്നീട് തോന്ന്യാസജീവിതം ആണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ അഭയ, കേസില്‍ പരാജയപ്പെട്ടാലും ആത്മീയമായി മനുഷ്യമനസ്സുകളില്‍ വിജയിച്ചുകഴിഞ്ഞു. നല്ല വൈദികര്‍ ഇപ്പോഴുമുണ്ട് എന്നാല്‍ ഒരു ഗുണ്ടാസംഘത്തിലെ നല്ല ഗുണ്ടകള്‍ക്ക് എന്ത് നന്മ ചെയ്യാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. മഠങ്ങള്‍ക്കുള്ളില്‍ സ്വയം ഇടങ്ങള്‍ കണ്ടെത്തിക്കൊണ്ട്  ആദ്യനാളുകളില്‍ സന്യാസജീവിതം ആസ്വദിച്ചു എങ്കിലും പിന്നീടാണ് അപാകതകള്‍ കണ്ടെത്തിയത്. സ്വപ്നം കണ്ട് എത്തിയ ആധ്യാത്മിക ജീവിതം കിട്ടാതെ വന്നപ്പോള്‍ ആണ് വീര്‍പ്പുമുട്ടലുകള്‍ അനുഭവിച്ചുതുടങ്ങിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com