'വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാം' ; ജോസഫിന്റെ നിലപാടിനെ പരിഹസിച്ച് റോഷി അഗസ്റ്റിന്‍

സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോഴാണ് വിജയസാധ്യത വിലയിരുത്തേണ്ടത്
'വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാം' ; ജോസഫിന്റെ നിലപാടിനെ പരിഹസിച്ച് റോഷി അഗസ്റ്റിന്‍

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിലാണ് ജോസ് കെ മാണി പക്ഷം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ജോസ് കെ മാണി പക്ഷത്തില്‍ തുടരുകയാണ്. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളും പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി വിഭാഗം കണക്കുകൂട്ടുന്നു. 

മാണിയുടെ കുടുംബത്തിന് പുറത്തുനിന്നും സ്ഥാനാര്‍ത്ഥി വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം. പി എസ് സി പരീക്ഷയ്ക്ക് വേണ്ട പോലുള്ള യോഗ്യതകള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യത്തില്‍ വേണ്ടല്ലോയെന്നും റോഷി പറഞ്ഞു.

നിഷ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോഴാണ് വിജയസാധ്യത വിലയിരുത്തേണ്ടത്. സ്ഥാനാര്‍ത്ഥി ആകാന്‍ പാര്‍ട്ടി മെമ്പര്‍ ആകണമെന്നില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

അതേസമയം പാലായില്‍ ചൊവ്വാഴ്ചയ്ക്കകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ബെന്നി ബഹനാന്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com