'വിശപ്പടക്കാൻ മണ്ണുവാരിതിന്നുന്ന അവസ്ഥ; മുഴുപ്പട്ടിണി'; അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി

ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്
'വിശപ്പടക്കാൻ മണ്ണുവാരിതിന്നുന്ന അവസ്ഥ; മുഴുപ്പട്ടിണി'; അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി

തിരുവനന്തപുരം:  പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.  

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്. 

ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു.

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്. 

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കള്‍ക്ക് ഇവരെ  അവിടെയെത്തി കാണാം. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com