ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തളളി, ദീപ മോഹനെ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് അഭിഭാഷകര്‍; കേസുമായി മുന്നോട്ടുപോകുമെന്ന് മജിസ്‌ട്രേറ്റ്, അവധിയില്‍ പ്രവേശിച്ചു

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് ദീപ മോഹനുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തളളി അഭിഭാഷകര്‍
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തളളി, ദീപ മോഹനെ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് അഭിഭാഷകര്‍; കേസുമായി മുന്നോട്ടുപോകുമെന്ന് മജിസ്‌ട്രേറ്റ്, അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് ദീപ മോഹനുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തളളി അഭിഭാഷകര്‍. കോടതിയില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മജിസ്‌ട്രേറ്റ് ദീപ മോഹനെ ബഹിഷ്‌കരിക്കുന്നത് തുടരുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അതേസമയം കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ ഉറച്ചുനിന്ന ദീപമോഹന്‍ അവധിയില്‍ പ്രവേശിച്ചു.

ഇരുപക്ഷങ്ങളും തമ്മിലുളള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്ന് രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ എത്തിയിരുന്നു. ബാര്‍ അസോസിയേഷനുമായും ജില്ലാ ജഡ്ജിയുമായും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ ഷാനവാസ്ഖാന്‍ അഭിഭാഷകരും മജിസ്‌ട്രേറ്റുമായുളള പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നും അഭിഭാഷകര്‍ ബഹിഷ്‌കരണം അവസാനിപ്പിച്ചുവെന്നും നാളെ മുതല്‍ ദീപ മോഹന്‍ മജിസ്‌ട്രേറ്റായുളള കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകുമെന്നും അറിയിച്ചിരുന്നു.

അതിനിടെ, പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്കെതിരെയുളള കേസ് പിന്‍വലിക്കാന്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. തുടര്‍ന്ന് കേസ് നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്നും മറ്റു കാര്യങ്ങളില്‍ തീരുമാനമാകാമെന്നുമുളള നിലപാട് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ മജിസ്‌ട്രേറ്റ് ഉറച്ചുനിന്നതോടെ ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ തളളുകയായിരുന്നു

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ വനിത മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. സംഭവത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നേരത്തെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത് അടക്കമുളള വകുപ്പുകള്‍ ചുമത്തി അഭിഭാഷകര്‍ക്ക് എതിരെ പൊലീസും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com